അരൂര്‍ എസ്.ഐ കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കിണറ്റില്‍

By Web DeskFirst Published Aug 30, 2017, 11:30 PM IST
Highlights

കഞ്ചാവ് കേസില്‍ ആലപ്പുഴ അരൂര്‍ എസ്.ഐ കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മരിച്ചു. ദിണ്ടിഗല്‍ കണ്ണംപെട്ടി സ്വദേശി മൊക്കൈ ചാമിയെയാണ് ദിണ്ടിഗലിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിണ്ടിഗലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരവേ അവിടെത്തന്നെയുള്ള കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു. ദിണ്ടിഗല്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം തുടങ്ങി.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ആലപ്പുഴ അരൂര്‍ സ്റ്റേഷനിലെ എസ്.ഐയും സംഘവുമാണ് ദിണ്ടിഗല്‍ ജില്ലയിലെ കണ്ണംപെട്ടി സ്വദേശി മൊക്കൈ ചാമിയെ കഞ്ചാവ് കേസില്‍ പിടികൂടുന്നത്. പ്രതിയെയും കൊണ്ട് ആലപ്പുഴയിലേക്ക് വരുന്നതിനിടെ റോഡരികിലുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് സംശയം. മരണത്തെക്കുറിച്ച് ദിണ്ടിഗല്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കസ്റ്റഡി മരണമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന വിശദീകരണം ആലപ്പുഴ പോലീസ് നല്‍കുന്നില്ല. കസ്റ്റഡിയിലെടുത്ത കഞ്ചാവ് കേസിലെ പ്രതിയെ കാണാനില്ലെന്ന വിവരം മാത്രമാണ് പോലീസ് നല്‍കുന്നത്. 

എന്നാല്‍ മരിച്ച പ്രതിയുടെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. റോഡരികിലുള്ള കിണറ്റില്‍ നിന്ന് രണ്ടുദിവസം മുമ്പാണ് മൊക്കൈചാമിയെന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കിട്ടിയത്. പ്രതിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് എസ്.ഐയും സംഘവും തെളിവെടുപ്പിന് പോയതാണോ അതോ അവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് വരുന്ന വഴിയാണോ മരണം നടന്നത് എന്ന കാര്യം വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് ആലപ്പുഴ പോലീസോ പോലീസ് മേധാവിയോ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ കഞ്ചാവ് കേസിലെ കസ്റ്റഡി മരണം സംബന്ധിച്ചുള്ള ദുരൂഹത തുടരുകയാണ്.


 

click me!