
ദില്ലി: ദുരൂഹസാഹര്യത്തില്‍ സുനന്ദപുഷ്ക്കര്‍ മരിച്ച കേസില്‍ മൂന്ന് വര്‍ഷം അന്വേഷണം നടത്തിയിട്ടും ഇരുട്ടില്‍ തപ്പുന്ന പൊലീസിന് ദില്ലി ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണത്തിന്‍റെ നിജസ്ഥിതി വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന്‍ കോടതി ആവശ്യപ്പെട്ടു. വേണ്ടി വന്നാല്‍ അന്വേഷണത്തില്‍ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി
കേസന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യന്‍ സ്വാമി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സിബിഐയുടെ നേതൃത്വത്തില്‍ വിവിധ ഏജന്സികള് അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആണ് സ്വാമിയുടെ ആവശ്യം.
വിവിധ ശാസ്ത്രീയ ,സാങ്കേതിക റിപ്പോര്‍ട്ടുകള്‍ വൈകുന്നതാണ് അന്വേഷണപുരോഗതിക്ക് തടസ്സമെന്ന് ദില്ലി പൊലീസ് വാദിച്ചു. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണിലെ ചില വിവരങ്ങള്‍ നശിപ്പിച്ചുവെന്നും ഇന്ത്യയിലെ ലാബുകള്ക്ക് ഇത് വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നും പൊലീസ് ന്യായീകരിച്ചു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി എസ് സിസ്താനി,ജസ്റ്റിസ് ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ച് പൊലീസിനെ ശകാരിച്ചത്.
2014 ലാണ് മരണം സംഭവിച്ചത്. ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ ദില്ലി പൊലീസ് എന്ത് നേടി. അന്വേഷണം അനന്തമായി നീട്ടാനാണോ ഉദ്ദേശിക്കുന്നതെന്ന് കോടതി പൊലീസിനോട് ചോദിച്ചു. അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കണം. അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയായ നടപടിയല്ല.
പക്ഷെ ഇതാണ് അവസ്ഥയെങ്കില്‍ ഇടപെടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.സുനന്ദയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി. അന്വേഷണം അട്ടിമറിക്കാനാണ് ശാസ്ത്രീയ പരിശോധനഫലങ്ങള്‍ വൈകിപ്പിക്കുന്നതെന്ന് സ്വാമി ആരോപിച്ചു. ഇതിനിടെ കേസില്‍ കക്ഷിചേര്‍ന്ന സുനന്ദയുടെ മകന്‍ ശിവ മേനോന്‍ ,ഹര്‍ജിയുടെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam