ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി കേന്ദ്രം

By Web DeskFirst Published Dec 7, 2017, 12:02 PM IST
Highlights

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്, പുതുതായി കാര്‍ഡ് എടുത്ത് വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31വരെ സമയം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഡിസംബര്‍ 31 തന്നെയാകും അവസാന തിയതിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അടുത്ത ആഴ്ച സുപ്രീംകോടതി പരിശോധിക്കും.

അറ്റോണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് സൂചന. ഫെബ്രുവരി 6 വരെയാണ് അതിന്റെ അവസാന തിയതി. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി. അതേ സമയം, ആധാര്‍നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. 

രാജ്യത്ത് 118 കോടി ജനങ്ങള്‍ ആധാര്‍ കാര്‍ഡ് എടുത്തതായാണ് കഴിഞ്ഞ ഓഗസ്റ്റുവരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. ഇത് മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തിന് മുകളിലാണ്. ഇവരെല്ലാം ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ട്ര്, റേഷന്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ ക്ഷേമ പദ്ധതികള്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഇതില്‍ ഇളവ് നല്‍കാനാകില്ലെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹര്‍ജിക്കാരിയായ കല്ല്യാണി മോനോന്‍ സെന്നിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ആധാര്‍ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അടുത്ത ആഴ്ച പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

നിലവില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതികള്‍ ഇങ്ങനെ

മൊബൈല്‍ കണക്ഷനുകള്‍: 2018 ഫെബ്രുവരി 6
പാന്‍ കാര്‍ഡ്: 2017 ഡിസംബര്‍ 31
ബാങ്ക് അക്കൗണ്ട്: 2017 ഡിസംബര്‍ 31
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്: 2017 ഡിസംബര്‍ 31
സാമൂഹിക ക്ഷേമ പദ്ധതികള്‍: 2017 ഡിസംബര്‍ 31

click me!