ചെല്ലാനത്ത് റിലേ നിരാഹാരസമരം; നേതൃത്വ നിരയില്‍ വൈദികന്മാരും

By Web DeskFirst Published Dec 7, 2017, 10:55 AM IST
Highlights

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച ചെല്ലാനത്ത് നാട്ടുകാര്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. കടല്‍തീരത്ത് അടിയന്തിരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്നാണ് ആവശ്യം. പ്രദേശത്തെ വൈദികരാണ് ഇന്ന് നിരാഹാര സമരത്തിന് നേതൃത്വം നല്‍കുന്നത്. പ്രദേശവാസികളും വൈദികരും അല്‍പസമയത്തിനകം ജില്ലാകളക്ടറുമായി ചര്‍ച്ച നടത്തും. നിര്‍മാണം ആരംഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണിവര്‍. പ്രതിഷേധം കനത്തതോടെ കടലാക്രമണബാധിത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പും റവന്യൂവകുപ്പും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 

ഓരോ തവണയും കടല്‍ക്ഷോഭമുണ്ടാകുമ്പോഴും ദുരിതാശ്വാസ ക്യാംപിലേക്ക് മാറേണ്ട അവസ്ഥയാണ് ചെല്ലാനം നിവാസികള്‍ക്കിപ്പോള്‍. പുലിമുട്ടും കടല്‍ ഭിത്തിയും ഇല്ലാത്തതാണ് ഇവിടെ ദുരന്ത വ്യാപ്തി ഇരട്ടിയാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊച്ചിയില്‍ ഓഖി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചതും ചെല്ലാനം മേഖലയില്‍ തന്നെയായിരുന്നു. ഇതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നതിന് പിന്നാലെയാണ് സ്ത്രീകളും കുട്ടികളുമടക്കം നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. 

ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇവരുടെ പ്രതിഷേധത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. സമരക്കാരുമായി ജില്ലാകളക്ടര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു. കടല്‍ഭിത്തിയെന്ന ആവശ്യം അംഗീകരിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന നിലാപാടിലാണ് എഴുപത്തിയഞ്ചിലധികം കുടുംബങ്ങള്‍. പുലിമുട്ട് നിര്‍മ്മിക്കാന്‍ ഫണ്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്നാരോപിക്കുന്ന നാട്ടുകാര്‍, വിഷയത്തില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പിന്തുണയുമായി ചെല്ലാനം ഗ്രാമപഞ്ചായത്ത് ഒന്നടങ്കം ഒപ്പമുണ്ട്.


 

click me!