അലങ്കാര മല്‍സ്യങ്ങളുടെ ഫിഷ് ടാങ്കില്‍ നിന്ന് വന്നത് വിഷവാതകം, മരണത്തോട് മല്ലിട്ട് പത്ത് പേര്‍

By Web DeskFirst Published Apr 8, 2018, 11:40 AM IST
Highlights
  • അലങ്കാര മല്‍സ്യങ്ങളുടെ ഫിഷ് ടാങ്കില്‍ നിന്ന് വന്നത് വിഷവാതകം
  • അപകട കാരണമായത് ഫിഷ് ടാങ്കില്‍ ഭംഗിക്കായി വച്ച പവിഴപ്പുറ്റ് 

വൃത്തിയാക്കുന്നതിനിടയില്‍ ഫിഷ് ടാങ്കില്‍ നിന്ന് പുറത്ത് വന്നത് വിഷവാതകം. കുടുംബത്തിലെ പത്ത് പേര്‍ മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍. ഇംഗ്ലണ്ടിലെ സ്റ്റെവെന്‍ടണിലാണ് സംഭവം. ഇരുപത്തിയേഴുകാരനായ ക്രിസ് മാത്യൂസിന്റെ അലങ്കാര മല്‍സ്യങ്ങളോടുള്ള കമ്പം കുടുംബത്തെ മാത്രമല്ല അയല്‍വാസികളെയും അപകടത്തിലാക്കി. അക്വേറിയത്തില്‍ ആഡംബരത്തിനായി വച്ചിരുന്ന പവിഴപ്പുറ്റാണ് അപകടത്തിന് കാരണമായത്. പവിഴപ്പുറ്റില്‍ നിന്ന് വിഷവാതകം വീടിന് വെളിയിലേക്കും പരന്നതോടെ അയല്‍വാസികളെ വീട്ടില്‍ നിന്ന് പൊലീസ് ഒഴിപ്പിച്ചു. 

രണ്ട് ദിവസം മുമ്പ് ഫിഷ് ടാങ്ക് വൃത്തിയാക്കിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ടാങ്കില്‍ ഉണ്ടായിരുന്ന പവിഴപ്പുറ്റും ക്രിസ് വൃത്തിയാക്കിയിരുന്നു. വൈകുന്നേരമായതോടെ വീട്ടിലുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ തുടങ്ങി. തുടര്‍ച്ചയായ ചുമയും ഇടവിട്ടുള്ള പനിയും ആദ്യം അവഗണിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ കൈവിട്ട് പോവുകയായിരുന്നു. വീട്ടിലെ രണ്ട് നായ്ക്കുട്ടികള്‍ തളര്‍ന്ന് വീണതോടെ ക്രിസ് ആശുപത്രിയില്‍ വിവരം അറിയിക്കുകയായിരുന്നു. 

പക്ഷേ ആംബുലന്‍സ് എത്തിയപ്പോഴേയ്ക്കും ക്രിസ് അടക്കമുള്ളവര്‍ ബോധമറ്റ നിലയില്‍ ആയിരുന്നു. വീട്ടിനുള്ളില്‍ പടര്‍ന്ന വിഷവാതകത്തിന്റെ ഉറവിടം തിരഞ്ഞ ഉദ്യോഗസ്ഥരാണ് ഫിഷ് ടാങ്കിലെ അപകടകാരിയെ കണ്ടെത്തിയത്. ഫിഷ് ടാങ്കില്‍ അലങ്കാരത്തിനായി വച്ച പവിഴപ്പുറ്റില്‍ നിന്ന് പുറത്ത് വന്ന പലിടോക്സിന്‍ എന്ന വിഷവാതകമാണ് അപകടകാരണം. ഈ വിഷവാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും പവിഴപ്പുറ്റുകളില്‍ നിന്ന് പുറത്ത് വരുമെന്ന് അറിവില്ലായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നത്. 

click me!