
തിരുവനന്തപുരം: ചികിത്സാ പിഴവ് മൂലം നാലു മാസം പ്രായമായ രുദ്ര എന്ന കുഞ്ഞു മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്ത പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.
ഇതോടെ 427 ദിവസമായി തുടരുന്ന സമരത്തിന് തിരശീല വീഴുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരവുമായി രംഗത്തെത്തുമെന്ന് രുദ്രയുടെ മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രുദ്രയുടെ മാതാപിതാക്കള്‍ ഹൈക്കോടത്തിലെ അഡ്വ.ജോസ് ഏബ്രഹാം മുഖേന കേസ് ഫയല്‍ ചെയ്തത്. ചികിത്സാ പിഴവ് കാരണം മരിച്ച തങ്ങളുടെ മകളുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
കൂടാതെ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ തങ്ങള്‍ക്കെതിരെ മകളെ വെച്ച് സമരം ചെയ്ത കേസ് അല്ലാതെ മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇതുകൂടി കണക്കിലെടുത്താണ് സമരം പിന്‍വലിക്കുന്നതെന്നും രുദ്രയുടെ മാതാപിതാക്കള്‍ അറിയിച്ചു. രുദ്രയുടെ മാതാവ് രമ്യ ആറു മാസം ഗര്‍ഭിണിയാണ്.
ഇവരുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് രുദ്രയുടെ കുടുംബം അറിയിച്ചു. വൈകിട്ട് നാലുമണിയോടെ സമരം അവസാനിപ്പിക്കുന്നുയെന്ന് രുദ്രയുടെ പിതാവ് സുരേഷ് പറഞ്ഞു. സംഭവത്തില്‍ കുടുംബത്തിന് പിന്തുണയുമായി ജസ്റ്റിസ് ഫോര്‍ രുദ്ര എന്ന പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ എത്തിയിരുന്നുയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.