മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിക്കെതിരെ വധഭീഷണി

web desk |  
Published : Mar 21, 2018, 05:05 PM ISTUpdated : Jun 08, 2018, 05:47 PM IST
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിക്കെതിരെ വധഭീഷണി

Synopsis

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിക്കെതിരെ വധഭീഷണിയെന്ന് പരാതി. ഐഐയുസിഎന്‍എന്‍  ഗവേഷക ദീപാ പി മോഹനനാണ് വിസിക്ക് ഇക്കാര്യം വ്യക്തമാക്കി പരാതി നല്‍കിയത്.  

അതിരമ്പുഴ (കോട്ടയം): മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിക്കെതിരെ വധഭീഷണിയെന്ന് പരാതി. സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോ ടെക്നോളജി (ഐഐയുസിഎന്‍എന്‍) ഗവേഷക ദീപാ പി മോഹനനാണ് സര്‍വകലാശാലാ വിസിക്ക് പരാതി നല്‍കിയത്.  

ജാതിയുടെ പേരില്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് അധ്യാപകനെതിരെ  ദീപ നേരത്തെ നല്‍കിയ പരാതി ഏറ്റുമാനൂര്‍ കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് പുതിയ സംഭവം. എം ജി സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹമധ്യത്തിലെത്തിച്ച ദീപ  മൂന്ന് വര്‍ഷം മുമ്പാണ് ആദ്യമായി പരാതിയുമായി എത്തുന്നത്. ഇരിക്കാന്‍ ഒരു കസേര പോലും നല്‍കാത്ത അധ്യാപകരുടെ പ്രവൃത്തിയെ ചോദ്യം ചെയ്താണ് ദീപ ഏറ്റുമാനൂര്‍ കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ്, സഹഗവേഷകരില്‍ ചിലര്‍ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയതെന്ന് ദീപ പറയുന്നു. 

കഴിഞ്ഞ ദിവസം രാവിലെയാണ് വധഭീഷണി ഉണ്ടായതെന്ന് ദീപ പറയുന്നു. സെന്ററില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ തുടങ്ങവേയാണ് സഹഗവേഷക വധഭീഷണി ഉയര്‍ത്തിയതെന്നാണ് പരാതി. യുജിസി യോഗ്യതയില്ലാത്തതിനാല്‍ പിഎച്ച്ഡി പ്രവേശനത്തിന് പരിഗണിക്കേണ്ടതില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിര്‍ദേശിച്ച ഈ സഹഗവേഷകയ്ക്ക് വകുപ്പ് ഉന്നതരുടെ ശ്രമഫലമായി പ്രവേശനം നല്‍കുകയായിരുന്നുവെന്ന് വിവരാവകാശ രേഖകള്‍ പ്രകാര്യം വ്യക്തമാണെന്ന് ദീപ പറയുന്നു. 

ഐഐയുസിഎന്‍എന്നിലെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നടക്കുന്ന അനധികൃത പ്രവേശനങ്ങളെ വിവരാവകാശ നിയമപ്രകാരം താന്‍ അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വധഭീഷണി ഉണ്ടായതെന്ന് ദീപ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഐഐയുസിഎന്‍എന്‍ മുന്‍ ഡയറക്ടറും നിലവിലെ ഡയറക്ടറും ചേര്‍ന്ന് അധികാര ദുര്‍വിനിയോഗം ചെയ്തതായി ദീപ പരാതിയില്‍ വ്യക്തമാക്കി. യുജിസി യോഗ്യത ഇല്ലാത്ത വിദ്യാര്‍ത്ഥികളെ സെന്ററില്‍ പിഎച്ച്ഡിയ്ക്കായി പരിഗണിക്കുകയും അവര്‍ക്കുവേണ്ടി സര്‍വ്വകലാശാലയില്‍ നിരവധി തവണ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തതായാണ് പരാതി. ദീപയുടെ അതേ കാലയളവില്‍ പിഎച്ച്ഡിക്ക് അപേക്ഷിച്ച ഏഴ് പേരില്‍ അഞ്ച് പേര്‍ക്ക് യോഗ്യതയില്ലെന്നും ഇവരുടെ അപേക്ഷ ഇനി പരിഗണിക്കേണ്ടതില്ലെന്നും സര്‍വകലാശാല രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സര്‍വ്വകലാശാലയുടെ ഈ നിര്‍ദ്ദേശത്തെ തന്റെ അധികാരം ഉപയോഗിച്ച് നിലവില്‍ സര്‍വ്വകലാശാല പ്രോ-വെസ് ചാന്‍സിലറായ ഈ മുന്‍ ഡയരക്ടര്‍ മറികടക്കുകയായിരുന്നുവെന്നാണ് ദീപയുടെ പരാതി. നാല് വര്‍ഷത്തോളം മുന്‍ ഡയരക്ടര്‍ നടത്തിയ ശ്രമഫലമായി, നേരത്തെ യോഗ്യതയില്ലെന്നും പിഎച്ച്ഡി പ്രവേശനത്തിന് പരിഗണിക്കരുതെന്നും സര്‍വകലാശാലാ നേരത്തെ നിര്‍ദ്ദേശിച്ച വിദ്യാര്‍ത്ഥിനിക്ക് 2017 ല്‍ സര്‍വ്വകലാശാല പിഎച്ച്ഡിക്ക് അനുമതി നല്‍കി. ഈ ഗവേഷകയാണ് ഇപ്പോള്‍ വധഭീഷണി മുഴക്കിയതെന്ന് ദീപ പറയുന്നു. 

യോഗ്യതയില്ലാതെ കടന്നുകൂടിയ ഈ വിദ്യാര്‍ത്ഥിനിക്ക് സെന്ററില്‍ എല്ലാവിധ സ്വാതന്ത്ര്യവും ലഭിക്കുന്നതായി ദീപപറയുന്നു. യുജിസി നിര്‍ദ്ദേശിച്ച എല്ലാ യോഗ്യതയുണ്ടായിട്ടും തനിക്ക് ഗവേഷണത്തിനായി ഐഐസിയുഎന്‍എന്നില്‍ ലാബ് സൗകര്യം പോയിട്ട് ഇരിക്കാന്‍ കസേര പോലും അനുവദിക്കുന്നില്ലായെന്നും ദീപ പരാതിപ്പെടുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്, പാർട്ടിക്ക് ഒപ്പം നില്കും'; കൊച്ചി മേയർ സ്ഥാനം കൈവിട്ടതിന് പിന്നാലെ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്
'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ