പത്തിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് സർക്കാർ മാതൃകയിൽ അധികസമയം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സി.ബി.എസ്.ഇയോട് ഉത്തരവിട്ടു. ഈ ആനുകൂല്യം നിഷേധിക്കുന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കമ്മീഷൻ.

തിരുവനന്തപുരം: പത്തിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് കേരള സർക്കാർ നൽകി വരുന്ന അധിക സമയമെന്ന ആനുകൂല്യം സി.ബി.എസ്.ഇയിലും നടപ്പിലാക്കണമെന്ന ആവശ്യം അതീവ ഗൗരവത്തോടെ സമയബന്ധിതമായി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സി.ബി.എസ്.ഇ. സെക്രട്ടറിക്കും കേരള റീജണൽ ഡയറക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ടൈപ്പ് വൺ ബാധിതരായ കുട്ടികൾക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കാതിരിക്കുന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രോഗബാധിതരായ കുട്ടികളോട് സി.ബി.എസ്.ഇ. ബോർഡ് ഇത്തരം സമീപനം തുടർന്നാൽ അത് നിയമലംഘനമായി മാറുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

കേരള സർക്കാർ 10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇത് വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷയെഴുതുന്ന കുട്ടികൾക്കും ബാധകമാക്കി. കമ്മീഷന് പരാതി നൽകിയ ടൈപ്പ് വൺ ഡയബറ്റ്സ് ഫൗണ്ടേഷൻ ഭാരവാഹിയായ ബുഷ്റ ഷിഹാബ് സി.ബി.എസ്.ഇ. ബോർഡ് സെക്രട്ടറിക്ക് അപേക്ഷ നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. അപേക്ഷ ലഭിച്ചാൽ അത് ഓൾ ഇന്ത്യാ മെഡിക്കൽ സയൻസസ് പോലുള്ള സ്ഥാപനങ്ങളിലെ വിദഗ്ദ്ധർക്ക് കൈമാറണം. അവർ നൽകുന്ന ഉപദേശം പരാതിക്കാരിക്ക് കൈമാറണം. തുടർന്ന് പരാതിക്കാരിയെ വീഡിയോ കോൺഫറസിലൂടെ കേട്ട് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അന്തസോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശത്തിന് ലംഘനമുണ്ടാകരുതെന്നും ഉത്തരവിൽ പറഞ്ഞു. തീരുമാനം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.