പരവൂര്‍ ദുരന്തത്തില്‍ മരണം 113 ആയി

By anuraj aFirst Published Apr 10, 2016, 11:49 PM IST
Highlights

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 113 ആയി.പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ കരാറെടുത്ത കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍, സഹോദരന്‍ സത്യന്‍, കൊല്ലം സ്വദേശി ശബരി, കൊല്ലം വാളത്തുങ്കല്‍ സ്വദേശി മണികണ്ഠൻ (40) എന്നിവരാണ് ഇന്ന് മരണമടഞ്ഞത്. ദുരന്തത്തില്‍ 90 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേന്ദ്രന്‍ ഉച്ചയോടെയാണ് മരിച്ചത്.

രാവിലെ അടിയന്തിര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേന്ദ്രന്റെ രണ്ട് മക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. സുരേന്ദ്രന്റെ സഹോദരനും സഹായിയുമായ സത്യന്‍ രാവിലെയാണ് മരിച്ചത്. 349 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.ഇതില്‍ 25 പേരുടെ നില ഗുരുതരമാണ്.

13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. 21 പേരെ കാണാതായെന്നാണ് പൊലീസിന് ലഭിച്ച വിവരം.ദുരന്തത്തില്‍ അച്ഛനും അമ്മയും നഷ്‌ടമായ കുട്ടികളുടെ സംരക്ഷണം സര്‍‍ക്കാര്‍ ഏറ്റെടുക്കും.

വെടിക്കെട്ട് നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ സർക്കാർ മറ്റന്നാൾ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ സര്‍വകക്ഷി യോഗം വിളിച്ചതുകൊണ്ട് എന്തുകാര്യമെന്ന ഹൈക്കോടതി പരാമർശങ്ങൾ സർക്കാറിനെ വെട്ടിലാക്കി. അതേസമയം, വെട്ടിക്കെട്ട് ദുരന്തം ഉയർത്തി സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാറിനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

യുഡിഎഫ് നേതാക്കളുടെ രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണ് വെടിക്കെട്ട് നടന്നതെന്നും  ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് ഇടപടാതെ കലക്ടറുടെ നിരോധനം ലംഘിക്കാൻ ക്ഷേത്ര ഭാരവാഹികൾക്ക് കഴിയില്ലെന്നും വി എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി.

click me!