
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ വിധികർത്താവായി വന്നത് അധ്യാപിക എന്ന നിലയിൽ ആണെന്ന് ദീപാ നിശാന്ത്. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആരും തന്നോട് പിന്മാറാൻ പറഞ്ഞിട്ടില്ലെന്നും തനിയ്ക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.
മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. ദീപാ നിശാന്തിനെ വിധി കർത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു.
വിധിനിര്‍ണ്ണയത്തിന് ശേഷം പൊലീസ് വാഹനത്തിലാണ് ദീപാ നിശാന്ത് മടങ്ങിയത്. എന്നാൽ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്‍റെ വിധികർത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർ നിലപാടെടുത്തു. ദീപാ നിശാന്തിനെ ഒഴിവാക്കില്ലെന്നും സംഘാടകർ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam