
ദില്ലി: നാല് വയസുകാരിയെ മാനഭംഗത്തിനിരയാക്കിയ സഹപാഠിക്കെതിരെ കേസുമായി മുന്നോട്ടുപോകുന്നതിൽ പൊലീസിന് ആശയക്കുഴപ്പം. വെസ്റ്റ് ദില്ലിയിലെ സ്കൂളിൽ പെൺകുട്ടിയെ പെൻസിൽ ഉപയോഗിച്ചും വിരൽ ഉപയോഗിച്ചും നാല് വയസുകാരൻ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസിന് നടപടിയെടുക്കാൻ കഴിയാത്തത്. ഏഴ് വയസിന് താഴെയുള്ള കുട്ടികളുടെ പ്രവൃത്തി കുറ്റകൃത്യമായി കാണരുതെന്നും പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കരുതെന്നുമുള്ള ഐ.പി.സി വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നത്.
പ്രശ്നത്തിൽ വിശദമായ നിയമോപദേശത്തിന് ശേഷം മാത്രം നടപടി മതിയെന്ന നിലപാടിലാണ് പൊലീസ്. ഇരയും സംശയിക്കപ്പെടുന്നവനും ചെറിയ കുട്ടികൾ ആയതിനാൽ ഇക്കാര്യത്തിൽ സമഗ്രമായ പരിശോധന നടത്തിയേ നടപടികളിലേക്ക് പോകൂ എന്നും പൊലീസ് പറയുന്നു. ഐ.പി.സി 82 പ്രകാരം ഏഴ് വയസിന് താഴെയുള്ളവരെ പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കാൻ പാടില്ലെന്ന് ദില്ലി പൊലീസ് മുഖ്യവക്താവ് ദീപേന്ദ്ര പതക് ചൂണ്ടിക്കാട്ടി.
അവരുടെ പ്രവർത്തികൾ ഒരു കുറ്റകൃത്യമായും നിയമവ്യവസ്ഥ കാണുന്നില്ല. പെൺകുട്ടിയുടെ അമ്മയാണ് കഴിഞ്ഞ 18ന് പരാതിയുമായി എത്തിയതും ഇതെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതും. എന്നാൽ ഇതിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതാണ് പൊലീസിനെ കുഴക്കുന്നത്. പരാതിയുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പോലും സാഹചര്യമില്ലെന്നാണ് നിയമവിദഗ്ദർ പറയുന്നത്.
ഏഴ് വയസിന് മുമ്പ് കുട്ടികൾക്ക് നിയമനടപടികളിൽ നിന്ന് നിയമം പരിരക്ഷ നൽകുന്നുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് അനുവദിച്ചുകൂടാത്തതും തെറ്റായ നടപടിയുമാണെന്ന് സുപ്രീംകോടതി അഭിഭാഷക ഐശ്വര്യ ഭാട്ടി പറയുന്നു. ഏഴ് വയസിന് താഴെയുള്ളവരുടെ പ്രവൃത്തി ക്രിമിനൽ താൽപര്യത്തോടെയുള്ളതല്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam