ദില്ലി ബിജെപി അധ്യക്ഷന്‍റെ വീടാക്രമണം; നാലുപേര്‍ പിടിയില്‍

By Web DeskFirst Published May 1, 2017, 5:04 AM IST
Highlights

ന്യൂ‍ഡല്‍ഹി: ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയുടെ വീടിന് നേരെ ആക്രമണം. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മനോജ് തിവാരി ആരോപിച്ചു. എന്നാല്‍ മനോജ് തിവാരിയുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം. പത്തോളം വരുന്ന അക്രമി സംഘം മനോജ് തിവാരിയുടെ നോർത്ത് അവന്യൂവിലുള്ള വസതിയിലേക്ക് അതിക്രമിച്ച് കടക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനം കൊള്ളയടിക്കുകയും ചെയ്തെന്നാണ് പരാതി. എതിർക്കാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെ സംഘം മർദ്ദിച്ചെന്നും പരാതിയുണ്ട്. ആക്രമണം നടക്കുമ്പോൾ മനോജ് തിവാരി വീട്ടിലുണ്ടായിരുന്നില്ല. ആക്രമണം തനിക്ക് നേരെയാണെന്നും അക്രമികളിൽ ചിലർ തന്റെ പേര് ഉറക്കെ ആക്രോശിക്കുന്നുണ്ടായിരുന്നെന്നും മനോജ് തിവാരി പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പൊലീസുകാരും അക്രമികൾക്ക് കൂട്ടു നിന്നെന്നും മനോജ് തിവാരി ആരോപിച്ചു.

മനോജ് തിവാരിയുടെ പരാതിയിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ ഉടൻ അറസ്റ്റു ചെയ്യാനാകുമെന്ന് പൊലീസ് അറിയിച്ചു. അക്രക്രമികള്‍ നോർത്ത് അവന്യു ഭാഗത്ത് താമസിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


 

click me!