ഹോട്ടലിന് തീപിടിച്ചത് യാത്രയ്ക്ക് ഒരുങ്ങി ഇറങ്ങുന്നതിന് തൊട്ട് മുമ്പ്; ദുരന്തത്തിൽ നടുങ്ങി മലയാളി സംഘം

Published : Feb 12, 2019, 11:39 AM ISTUpdated : Feb 12, 2019, 12:31 PM IST
ഹോട്ടലിന് തീപിടിച്ചത് യാത്രയ്ക്ക് ഒരുങ്ങി ഇറങ്ങുന്നതിന് തൊട്ട് മുമ്പ്; ദുരന്തത്തിൽ നടുങ്ങി മലയാളി സംഘം

Synopsis

അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഹരിദ്വാര്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ഹോട്ടലിൽ കറണ്ട് പോകുന്നത്. തുടര്‍ന്ന് ഹോട്ടൽ മുറിക്ക് പുറത്തിറങ്ങി നോക്കിയവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതാണ്..

ബന്ധുവിന്‍റെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനുള്ള കുടുംബാംഗങ്ങളുടെ ദില്ലി യാത്ര ദുരന്ത യാത്രയായതിന്‍റെ ഞെട്ടലിലാണ് ചോറ്റാനിക്കരയിലെ ചേരാനല്ലൂരിൽ നിന്നുള്ള മലയാളി സംഘം. കൂട്ടത്തിൽ മൂന്ന് പേര്‍ ഇനി ഒപ്പമുണ്ടാകില്ലെന്ന് വിശ്വസിക്കാൻ ഇവരിൽ പലര്‍ക്കും കഴിയുന്നില്ല. ജയശ്രീയുടെ മരണ വാര്‍ത്തയാണ് ആദ്യം സ്ഥിരീകരിച്ചത്. അമ്മ നളിനി അമ്മയേയും സഹോദരൻ വിദ്യാസാഗറിനേയും കാണാതായതോടെ തുടങ്ങിയ തെരച്ചിൽ അവസാനിച്ചത് ഒരിക്കലും കേൾക്കരുതെന്ന് ആഗ്രഹിച്ച ആ വാര്‍ത്തയിൽ തന്നെയാണ്. തീപ്പിടുത്തത്തിൽ കത്തിയമര്‍ന്നവര്‍ക്കിടയിൽ നിന്ന് ബന്ധുക്കൾ ഇരുവരെയും തിരിച്ചറിയുകയായിരുന്നു

ബന്ധുവിന്‍റെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ശേഷം ദില്ലിയിൽ വിനോദയാത്രയുടെ തിരക്കിലായിരുന്ന ഇവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കരോൾബാഗിലെ ഹോട്ടലിലാണ് താമസം.താജ്മഹലടക്കം ദില്ലിയും പരിസര പ്രദേശങ്ങളുമെല്ലാം കണ്ടു കഴിഞ്ഞ് തീര്‍ത്ഥാടന കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍

അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഹരിദ്വാര്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ഹോട്ടലിൽ കറണ്ട് പോകുന്നത്. തുടര്‍ന്ന് ഹോട്ടൽ മുറിക്ക് പുറത്തിറങ്ങി നോക്കിയവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതാണ്. അഞ്ച് നില ഹോട്ടൽ മുഴുവൻ കനത്ത പുകയും ആളിപ്പടരുന്ന തീയും.ചിലര്‍ വരാന്തവഴി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കുറച്ച് പേര്‍ ഹോട്ടൽ മുറിയിലേക്ക് തന്നെ തിരിച്ചോടിക്കയറി ജനൽ ചില്ലുകൾ പൊട്ടിച്ച് സഹായത്തിനായി കരഞ്ഞു വിളിച്ചു. ഫയര്‍ ഫോഴ്സടക്കം രക്ഷാ സംഘമെത്തിയാണ് ഹോട്ടലിൽ അകപ്പെട്ട് പോയവരെ തിരിച്ചെത്തിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ് 13 അംഗ സംഘം ചോറ്റാനിക്കരയിലെ ചേരാനല്ലൂരിൽ നിന്ന് ദില്ലിക്ക് തിരിക്കുന്നത്. ജയശ്രീയുടെ അമ്മ നളിനിയമ്മ 
മക്കളായ വിദ്യാസാഗർ, സോമശേഖരൻ,  സുധ, വിദ്യാസാഗറിന്‍റെ ഭാര്യ മാധുരി മകൻ വിഷ്ണു സോമശേഖരന്‍റെ ഭാര്യ ബീന, സുധയുടെ ഭർത്താവ് സുരേന്ദ്രൻ ,ജയശ്രീ യുടെ മക്കൾ ,ഹരിഗോവിന്ദ്, ഗൗരി ശങ്കർ നളിനിയമ്മയുടെ സഹോദരിയുടെ മകൾ സരസ്വതി, ഭർത്താവ് വിജയകുമാർ, മകൻ ശ്രീകേഷ് എന്നിവരായിരുന്നു സംഘത്തിൽ. 

ഫേസ്ബുക്കിലും മറ്റും പങ്കുവയ്ക്കുന്ന ഫോട്ടോകളിൽ നിന്നും ഇടക്കിടെ ദില്ലിയിൽ നിന്നെത്തുന്ന സ്നേഹാന്വേഷണങ്ങളിൽ നിന്നുമൊക്കെ ദില്ലിയാത്രയുടെ വിവരങ്ങളറിഞ്ഞിരുന്ന ബന്ധുക്കളും കുടുംബാങ്ങളും നാട്ടുകാരുമെല്ലാം ദുരന്ത വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ്. ചോറ്റാനിക്കരയിലെ ജയശ്രീയുടെ വീട്ടിലേക്കും വിവരമറിഞ്ഞ് ഒട്ടേറെ പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ് 

വിദേശത്ത് ജോലി ചെയ്യുകയാണ് ജയശ്രീയുടെ ഭര്‍ത്താവ്. മൂത്തമകൻ ഹരിഗോവിന്ദ് മുംബൈയിൽ ഉദ്യോഗസ്ഥനാണ്. ഇളയമകൻ ഗൗരി ശങ്കർ കൊച്ചിയിൽ വിദ്യാര്‍ത്ഥിയാണ്. നല്ലൊരു കര്‍ഷക കൂടിയാണ് ജയശ്രീയെന്ന് നാട്ടുകാര്‍ പറയുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി