
ദില്ലി: ദില്ലി പ്രതിഷേധത്തിൽ പീസ് ബോണ്ട് ഒപ്പിടില്ലെന്ന് ഐസ നേതാവ് നേഹ ബോറ. പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും നേഹ വ്യക്തമാക്കി. പ്രതിഷേധിക്കാനുള്ള അവകാശത്തെ കവരുകയാണ് ചെയ്യുന്നത്. വിയോജിക്കുക എന്നത് ജനാധിപത്യ അവകാശമാണെന്നും നേഹ ബോറ പറഞ്ഞു. വോട്ട് അവകാശം, പ്രതിഷേധിക്കാനുള്ള അവകാശം എന്നിവ കവരുന്നു. വോട്ട് അവകാശം തട്ടിയെടുത്തപ്പോളാണ് തെരുവിൽ ഇറങ്ങിയത്. പ്രതിഷേധം എല്ലാം സമാധാനപരമായിരുന്നു. പോലീസ് വലിയ അതിക്രമങ്ങൾ നടത്തി. എന്തിനാണ് ബോണ്ട് വേണ്ടതെന്നും സമാധാനം ഞങ്ങൾ തകർത്തു എന്നാണോ പറയുന്നതെന്നും നേഹ ബോറ ചോദിച്ചു.
സമാധാനം തകർത്തുവെന്ന ആരോപണങ്ങളിൽ യാതൊരുവിധ തെളിവുകളും ഞങ്ങൾക്ക് നൽകിയില്ല. ബോണ്ടിൽ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണ്. സമാധാന അന്തരീക്ഷം തകർത്തു എന്ന് നോട്ടീസിൽ ഉണ്ട്. എവിടെ എങ്ങനെ സമാധാനം തകർത്തു എന്ന് പറയണമെന്നും തെളിവ് നൽകണമെന്നും നേഹ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെ സമാധാന ലംഘനമാകുമെന്നും നേഹ ചോദിച്ചു. വിയോജിക്കുക എന്നത് ജനാധിപത്യ അവകാശമാണ്.
പീസ് ബോണ്ട് ഒപ്പിട്ട അഭിജിത് ദീപ്കെയെ വീടിനു പുറത്ത് വച്ച് തന്നെ കസ്റ്റഡിയിൽ എടുത്തു. സമാധാന അന്തരീക്ഷം തകർത്തു എന്നാണ് പറഞ്ഞത്. ദേശീയ പതാകയുമായി പുറത്ത് ഇറങ്ങിയാൽ എങ്ങനെ സമാധാനലംഘനമാകും? സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. നിലവിലെ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ പോകില്ലെന്നും നേഹ ബോറ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam