
ദില്ലി: ദില്ലിയിലെ ചുവന്ന തെരുവിൽ ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും വില്പനക്ക് വെച്ച് ഗുണ്ടാസംഘങ്ങളും മാഫിയകളും തടിച്ചുകൊഴുക്കുന്നു. പരസ്യമായി പ്രവര്‍ത്തിക്കുന്ന ചുവന്നതെരുവിന് പൊലീസും കാവൽ നിൽക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൂട്ടിയിടാൻ ചുവന്ന തെരുവിൽ രഹസ്യ അറകൾ ഉണ്ടെന്ന് ദില്ലി വനിതാ കമ്മീഷൻ തന്നെ കണ്ടെത്തിയിട്ടും ഇതുവരെയും ഒരു നടപടിയുമില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
മുംബയിലെ കാമാത്തിപ്പുരയും കൊൽക്കത്തയിലെ സോനാഗച്ചിയും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ചുവന്ന തെരുവാണ് ദില്ലി റെയിൽവെ സ്റ്റേഷന് പുറകിലെ ജി.ബി.റോഡ്. പതിനായിരത്തോളം സ്ത്രീകൾ ഈ തെരുവിൽ ലൈംഗിക തൊഴിൽ ചെയ്യുന്നു. നേപ്പാളിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് സ്ത്രീകളും ഇവിടേക്ക് എത്തുന്നു. വലിയ മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും നിയന്ത്രണത്തിലാണ് ഈ തെരുവ്.
ജി.ബി.റോഡിലെ ഇടുങ്ങിയ കെട്ടിടങ്ങൾക്ക് സമീപത്തുകൂടി നടന്നാൽ വില പറഞ്ഞ് വിളിക്കുന്ന സ്ത്രീകളെ കാണാം. കെട്ടിടങ്ങൾക്ക് അകത്തേക്ക് കടന്നാൽ സ്ത്രീകളും ട്രാൻജൻഡറുകളുമായി നിരവധി പേരുണ്ടാകും. ആരെ വേണമെങ്കിലും വിലനിശ്ചയിച്ച് തെരഞ്ഞെടുക്കാം. ഗുണ്ടാസംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകര്‍ത്തിയത്. സ്വന്തം ഇഷ്ടപ്രകാരം ഈ തൊഴിലിലേക്ക് ഇറങ്ങിയ 10 ശതമാനം പേര്‍ പോലും ഈ തെരുവിൽ ഉണ്ടാകില്ല. ഇവിടെ കുടുങ്ങിയവര്‍ക്ക് പിന്നീട് ഒരിക്കലും ഈ തൊഴിലിൽ നിന്ന് മോചനമുണ്ടാകില്ല. ലൈംഗിക തൊഴിലിൽ നിന്ന് കിട്ടുന്ന പണത്തിന്‍റെ പകുതി ഗുണ്ടാസംഘങ്ങൾക്കും പൊലീസിനും കെട്ടിടം ഉടമക്കും ഉള്ളതാണ്.
ജി.ബി.റോഡിലെ ഈ കെട്ടിടങ്ങൾക്കുള്ളിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന രഹസ്യഅറകളുണ്ടെന്ന് ദില്ലി വനിത കമ്മീഷൻ റിപ്പോര്‍ട്ട് നൽകിയിരുന്നു. കെട്ടിടങ്ങൾ ഇടിച്ച് സ്ത്രീകളെ പുനരധിവസിപ്പിക്കണമെന്ന കമ്മീഷന്‍റെ ശുപാര്‍ശയിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.
അതേസമയം വേശ്യാലങ്ങൾ നിയമപരമായി അംഗീകരിക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പധിത ഉദ്ദാര്‍ സഭ ആവശ്യപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്ത് നേപ്പാളിൽ നിന്ന് നിരവധി പെണ്‍കുട്ടികളെ കൊണ്ടുവന്ന ജി.ബി.റോഡിൽ വിറ്റ രണ്ടുപേരെ കഴിഞ്ഞ വര്‍ഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അവരുടെ ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയത് 10 കോടി രൂപയാണ്. പക്ഷെ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ദില്ലിയിലേക്കുള്ള പെണ്‍കടത്ത് 50 ശതമാനത്തിലധികം കൂടിയിട്ടുമുണ്ട്. കണ്‍മുമ്പിൽ കുറ്റകൃത്യം നടക്കുമ്പോഴും ഒരു പൊലീസുകാരൻ പോലും ഈ തെരുവിലേക്ക് എത്തിനോക്കാറില്ല. നിര്‍ഭയ സംഭവത്തിന് ശേഷം സ്ത്രീസുരക്ഷക്ക് വേണ്ടി വലിയ പോരാട്ടങ്ങളാണ് ദില്ലികണ്ടത്. ആ ദില്ലിയുടെ ഹൃദയത്തിൽ, പാര്‍ലമെന്‍റിൽ നിന്ന് വെറും നാല് കിലോമീറ്റര്‍ അകലെയാണ് ഈ ചുവന്നതെരുവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam