500 ലേറെ കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ തയ്യല്‍ക്കാരന്‍ പിടിയില്‍

By Web DeskFirst Published Jan 16, 2017, 4:28 PM IST
Highlights

ദില്ലിയിലെ അശോക് നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് സുനില്‍ രസ്‌തോഗി എന്നയാളെ ദില്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തയ്യല്‍ക്കാരനായ ഇയാള്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍ സ്വദേശിയാണ്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുനില്‍ രസ്‌തോഗി നടത്തിയത് ആരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. ഇക്കഴിഞ്ഞ പതിമൂന്നു വര്‍ഷത്തിനുള്ളില്‍ ആറു വയസ്സിനും പത്തു വയസ്സിനുമിടയിലെ അഞ്ഞൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി.

ജനുവരി പത്താം തീയതി സുനില്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട പത്തു വയസ്സുള്ള കുട്ടിയുടെ മൊഴിയാണ് കേസിനു വഴിത്തിരിവായത്. കൈയ്യില്‍ വസ്ത്രം കൊടുത്ത് അച്ഛന്‍ വിളിക്കുന്നുവെന്നു പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് കുട്ടി പൊലാസിനു മൊഴി നല്‍കി.സുനില്‍ കൂട്ടികൊണ്ടുപോയ വഴിയും കെട്ടിടവുമെല്ലാം കൗണ്‍സിലിങ്ങ് നടത്തുന്നതിനിടെ കുട്ടി ഓര്‍ത്തെടുത്തു.  

രണ്ടു മണിക്കൂറിനുള്ളില്‍ മറ്റൊരു കുട്ടിയുടെ മാതാപിതാക്കളും സമാനരീതിയിലുള്ള പരാതിയുമായി സ്റ്റേഷനിലെത്തി. കുട്ടികളെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയരാക്കിയതിനുശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കല്യാണ്‍പുരി എ സി പി രാഹുല്‍ ആല്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചു. പൊലീസും കൗണ്‍സിലറും സുനില്‍ കൊണ്ടുപോയ വഴിയിലൂടെ കുട്ടിയോടൊപ്പം സഞ്ചരിച്ചു. പ്രദേശത്തെ ഒരു വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി ഇയാളോടൊപ്പം നടന്നു പോകുന്നത് കണ്ടെത്തി. കുട്ടി ആളെ തിരിച്ചറിയുകയും ചെയ്തു.

സ്‌കൂളില്‍ നിന്നും മടങ്ങുന്ന കുട്ടികളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഓരോ ആഴ്ചയും ദില്ലിയിലെത്തുന്ന ഇയാളുടെ പക്കല്‍ പെണ്‍കുട്ടികളുടെ സ്‌കുളുകളുടെ വിവരങ്ങളുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സ്‌കൂളില്‍ പോകുന്ന എട്ടു മുതല്‍ പത്തു കുട്ടികളെ വരെ രാവിലെ ഇയാള്‍ കണ്ടുവെയ്ക്കും. ഇവയില്‍ ഒന്നോ രണ്ടോ പേരെ വൈകുന്നേരം സ്‌കൂളു വിട്ടു വീട്ടിലേക്കു മടങ്ങുമ്പോള്‍ വലയിലാക്കും.

വസ്ത്രമോ മറ്റു സാധനങ്ങളോ അച്ഛന്‍ കൊടുത്തു വിട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയിരുന്നതെന്നും പൊലീസ് പറഞ്ഞു.

സ്‌കൂളിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ കണ്ടുവെച്ചിരുന്നതായും ഇയാള്‍ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടുകാരനായ ഇയാള്‍ക്ക് മൂന്നു പെണ്‍മക്കളുണ്ട്. ഇവരെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 

രുദ്രാപൂര്‍, ദില്ലി, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമം, മോഷണം, മയക്കുമരുന്നു കൈവശം വയ്ക്കുക എന്നതിനെല്ലാം കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ദില്ലിയിലും ഉത്തര്‍ പ്രദേശിലും ഇയാള്‍ സമാനമായ കേസുകളില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ക്കു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പൊതുപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

click me!