സ്ത്രീകള്‍ക്ക് ഫുട്ബാള്‍ പരിശീലനം നേടാന്‍ അനുമതി വേണമെന്ന് സൗദി ശൂറാ കൗണ്‍സിലില്‍ ആവശ്യം

By Web DeskFirst Published Nov 1, 2017, 1:29 AM IST
Highlights

സൗദിയിലെ സ്റ്റേഡിയങ്ങളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം. അടുത്ത വര്‍ഷം ആദ്യം നിയമം പ്രാബല്യത്തില്‍ വരും. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

സൗദിയിലെ സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് നിലവില്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല. അടുത്ത വര്‍ഷം ആദ്യം മുതല്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല് ഷെയ്ഖ്‌ പറഞ്ഞു. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലെ പ്രധാന സ്റ്റേഡിയങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കും. അതേസമയം വനിതകള്‍ക്ക് സ്പോര്‍ട്സ് ക്ലബ്ബ് രൂപീകരിക്കാനും ഫുട്ബാള്‍ പരിശീലനം നേടാനുമൊക്കെ സൌകര്യമൊരുക്കണമെന്ന് ശൂറാ കൌണ്‍സില്‍ അംഗം ഇഖ്ബാല്‍ ദര്‍ദാരി ആവശ്യപ്പെട്ടു. വനിതാ സ്പോര്‍ട്സ് കോളേജ് അനുവദിക്കണമെന്ന്‍ നേരത്തെ ശൂറാ കൌണ്‍സിലിലെ ചില വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 

ഏതാനും ദിവസം മുമ്പാണ് സൗദി ഫെഡരേഷന്‍ ഫോര്‍ കമ്മ്യൂണിറ്റി സ്പോര്‍ട്സ് പ്രസിഡന്റായി റീമ ബിന്ത് ബന്തര്‍ രാജകുമാരി നിയമിക്കപ്പെട്ടത്. ആദ്യമായാണ്‌ ഒരു വനിത ഈ സ്ഥാനത്ത് വരുന്നത്. സൗദിയില്‍ വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പല നിയന്ത്രണങ്ങളും ഘട്ടം ഘട്ടമായി എടുത്തുകളയുകയാണ് ഭരണകൂടം. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി അടുത്ത വര്‍ഷം ജൂണ്‍ 24 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനാവശ്യമായ  എല്ലാ സജ്ജീകരണങ്ങളും തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വനിതാ ഡ്രൈവിംഗ് സ്കൂള്‍,വനിതാ ട്രാഫിക് പോലീസ് തുടങ്ങിയവ നിലവില്‍ വരും. സ്ത്രീകള്‍ക്ക് വാഹനങ്ങളെ കുറിച്ച് പഠിക്കാനായി ഒരു വെബ്സൈറ്റ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. 

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതോടെ മന്ദഗതിയിലായ വാഹന വിപണി വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ സൗദിയില്‍ 13 ലക്ഷത്തോളം വിദേശികള്‍ വീട്ടു ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടും. വീട്ടു ഡ്രൈവര്‍മാര്‍ മാത്രം സ്വദേശങ്ങളിലേക്ക് അയക്കുന്നത് ഏതാണ്ട് 400 കോടി ഡോളര്‍ ആണ്.

click me!