കാസര്‍കോട് ജില്ലയില്‍ ഡങ്കിപ്പനി പടരുന്നു

By web deskFirst Published May 17, 2018, 8:20 PM IST
Highlights
  • കിനാനൂര്‍-കരിന്തളം, കോടോം ബേളൂര്‍, മടിക്കൈ, കള്ളാര്‍, പനത്തടി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലും ഡെങ്കി പനി ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 

കാസര്‍കോട്:   ഡെങ്കി പനിയെ തുടര്‍ന്ന്   ആദിവാസി യുവാവ് മരിച്ച കാസര്‍കോട് ബളാല്‍ പഞ്ചായത്തില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 20-ഓളം പേരാണ് വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാത്രം ചികിത്സ തേടിയെത്തിയത്. കിനാനൂര്‍-കരിന്തളം, കോടോം ബേളൂര്‍, മടിക്കൈ, കള്ളാര്‍, പനത്തടി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലും ഡെങ്കി പനി ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 

ബളാല്‍ പഞ്ചായത്തില്‍ പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അടിയന്തിരമായി ജില്ലയിലെത്തിയ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ  ആരോഗ്യ വകുപ്പിന് പകര്‍ച്ചപ്പനി തടയാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊതുകില്‍ നിന്നാണ് ഡെങ്കി പനി പടരുന്നതെന്നതിനാല്‍ ജില്ലയിലെ റബ്ബര്‍ തോട്ടം ഉടമകളുടെ യോഗം വിളിക്കാന്‍ മന്ത്രി എ.ഡി.എമ്മിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടയില്‍ നിന്നാണ് കൂടുതലായും കൊതുകുകള്‍ ഉണ്ടാകുന്നതെന്നും ഇത് തടയാന്‍ തോട്ടം ഉടമകള്‍ വേണ്ടത്ര അനുഭാവം പ്രകടിപ്പിക്കുന്നില്ലെന്ന പൊതു ചര്‍ച്ചയാണ് തോട്ടം ഉടമകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. 

ആദ്യം റബര്‍ തോട്ടങ്ങളിലെ ചിരട്ട വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ രേഖാമൂലം നോട്ടീസ് നല്‍കണം. എന്നിട്ടും കാര്യമായി എടുക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി എ.ഡി.എമ്മിനോട് നിര്‍ദ്ദേശിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മഴക്കാലം കഴിയും വരെ പനിക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഒരു പനിമരണം പോലും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടവരുത്തരുതെന്നും ആരോഗ്യ മന്ത്രി യോഗത്തില്‍ പറഞ്ഞു. 

എന്നാല്‍ പനി പടരുന്ന ഭാഗങ്ങളില്‍ ഇതുവരെയും മന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ചിട്ടില്ല. കാസര്‍കോട് ജില്ലയിലെ 29 ഗ്രാപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് ഡെങ്കി പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡെങ്കി പനി മൂലം ആദിവാസി യുവാവ് മരണപ്പെട്ട ബളാല്‍ ഗ്രാമപഞ്ചായത്തിലെ മാലോം, കൊന്നക്കാട്, വെള്ളരിക്കുണ്ട്, പരപ്പ, ബളാല്‍ എന്നിവിടങ്ങളില്‍ നിന്നായി ഡെങ്കി പനിബാധിച്ച് നിരവധിപേരാണ് മംഗലാപുരത്തെയും പരിയാരത്തെയും മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയില്‍ കഴിയുന്നത്.

click me!