ഇടുക്കിയില്‍ ഡെങ്കിപ്പനി പടരുന്നു; ജാഗ്രതാ നിര്‍ദേശം

By Asianet NewsFirst Published May 25, 2016, 1:36 AM IST
Highlights

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക മുന്നറിയിപ്പ്. ജില്ലയില്‍ ഇതിനോടകം 82 പേരില്‍ ഡെങ്കിപ്പനി സ്ഥരീകരിച്ചുകഴിഞ്ഞു. പനി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നതിനാല്‍ ജില്ലിയിലെ മുഴുവന്‍ ഡോക്ടര്‍മാരോടും ലീവെടുക്കാതെ ജോലിചെയ്യണമെന്നാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

മെയ് പകുതിയോടെയാണ് ഇടുക്കി ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി കണ്ടു തുടങ്ങിയത്. ഇതിനോടകം പനി സ്ഥിരീകരിച്ച 82 പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 413  സാമ്പിളുകള്‍ പരിശോധനാ ഫലം കാത്ത് ആശുപത്രിയില്‍ കഴിയുന്നു. ഇതിന്റെ നാലിരട്ടിയോളം വരും  രോഗമുണ്ടോ എന്ന സംശയത്തില്‍ കഴിയുന്നവര്‍.

ദിനംപ്രതി 20 മുതല്‍ 40 വരെ പുതിയ കേസുകളാണ് ആശുപത്രിയിലെത്തുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടിയവരുടെ കണക്ക് ആരോഗ്യവകുപ്പിന്റെ കയ്യിലില്ല.

ശരിര വേദനയോടെയുള്ള പനിയുണ്ടായാല്‍ വേഗത്തില്‍ ആശുപത്രിയിലെത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. മഴ എത്തും മുന്‍പേ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോള്‍ ഇങ്ങനെയെങ്കില്‍ കടുത്ത മഴ പെയ്യുന്ന വരും മാസങ്ങളില്‍ രോഗം വലിയ തോതില്‍ പടര്‍ന്നുപിടിക്കുമെന്നാണ് ആശങ്ക.
 
പനി ബാധിതരുടെ എണ്ണം ദിനം പ്രതികൂടുന്നുണ്ടെങ്കിലും മലയോര മേഖലകളിലെ ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതു രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യലാകും വരും ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഏറ്റവും വലിയ വെല്ലുവിളി.

click me!