
തിരുവനന്തപുരം: പിണറായി മുഖ്യമന്ത്രിയാകുമ്പോൾ വിഎസിന്റെ റോൾ എന്തായിരിക്കുമെന്നാണു രാഷ്ട്രീയ കേരളത്തിന്റെ പ്രധാന ചോദ്യം. കാബിനറ്റ് പദവിയുള്ള ചുമതല സ്വീകരിക്കണമെന്നു തിരുവനന്തപുരത്തെത്തുന്ന സീതാറാം യെച്ചൂരി വിഎസിനോട് വീണ്ടും ആവശ്യപ്പെടും.
അനാരോഗ്യമില്ല, പോരാട്ടവീര്യത്തിന് ഒട്ടും കുറവുമില്ല, കാവലാളായി ജാഗരൂകനായി തലസ്ഥാനത്തുതന്നെ തുടരും - പിണറായിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതു മുതൽ പാർട്ടിക്ക് വിഎസ് നൽകുന്ന സൂചനകളാണിത്. വൻ ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിലെത്തുമ്പോൾ മുതിർന്ന് നേതാവ് അതൃപ്തനായി തുടരുന്നത് ജയത്തിന്റെ ശോഭ കെടുത്തുമെന്ന വിമർശനം ശക്തമാണ്. ബദൽ പദവികളൊന്നും സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയെങ്കിലും വിഎസിന് മേൽ ദേശീയ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദമുണ്ട്.
പിണറായിയുടെ സത്യപ്രതിജ്ഞയ്ക്കെത്തുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസിനെ കണ്ട് ഇക്കാര്യം വീണ്ടും ആവശ്യപ്പെടും. കാബിനറ്റ് റാങ്കോടെയുള്ള ഉപദേശകനെന്ന പദവിയെക്കുറിച്ചുള്ള സൂചന യെച്ചൂരി ഇതിനകം നൽകിക്കഴിഞ്ഞു. തഴഞ്ഞതിലുള്ള പരാതി വിഎസ് യെച്ചൂരിയെ അറിയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഫലം വന്നശേഷം കൈവിടില്ലെന്ന യെച്ചൂരിയുടെ ഉറപ്പിനെത്തുടർന്നാണ് മത്സരരംഗത്തേക്കും പ്രചാരണത്തിനും വി.എസ്. ഇറങ്ങിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പിണറായിയുടെ സത്യപ്രതിജ്ഞക്ക് വി.എസ്. സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്തും. പക്ഷെ പിണറായി ഒന്നാം നമ്പർ കാറിൽ മടങ്ങുമ്പോൾ വെറും മലമ്പുഴ എംഎൽഎയായി തുടരുന്ന വിഎസിന്റെ അടുത്ത നീക്കത്തിലാണു പൊതുസമൂഹത്തിന് ആകാംക്ഷയും പാർട്ടിക്ക് ആശങ്കയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam