കനത്ത മഞ്ഞില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ

By Web DeskFirst Published Dec 8, 2016, 2:18 PM IST
Highlights

ഒരാഴ്ച്ച മുമ്പാണ് സീസണിലെ ആദ്യ മൂടല്‍മഞ്ഞ് ഉത്തരേന്ത്യയില്‍ ദൃശ്യമായത്. അതിന് ശേഷം ഇന്ന് വീണ്ടും മുടല്‍മഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിഴുങ്ങിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും താപനില ഒറ്റ അക്കമായി താണു. ദില്ലിയില്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താണു. മൂടല്‍മഞ്ഞില്‍ ദൃശ്യപരിധി 100 മീറ്ററിലും കുറവായതിനാല്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. ഒരു ആഭ്യന്തര വിമാന സര്‍വ്വീസ് റദ്ദാക്കി. തീവണ്ടി സര്‍വ്വീസുകളേയും മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചു. 94 തീവണ്ടി സര്‍വ്വീസുകള്‍ വൈകിയോടുകയാണ്. രണ്ട് തീവണ്ടികള്‍ സര്‍വ്വീസ് റദ്ദാക്കി. റോഡ് ഗതാഗതത്തേയും മൂടല്‍ മഞ്ഞ് ബാധിച്ചു. ദില്ലിക്ക് പുറമെ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളേയും മുടല്‍ മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞിനൊപ്പം മലിനീകരണവും ദില്ലിയെ ശ്വാസം മുട്ടിക്കുകയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് സുരക്ഷാപരിധിയിലും താഴെയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. ശ്വാസകോശ രോഗമുള്ളവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ച കനത്ത മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയില്‍ ദൃശ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

click me!