
ആലപ്പുഴ: ദന്തല്‍ കോളേജിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കുനേരെ സാമൂഹ്യവിരുദ്ധ ആക്രമണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ആലപ്പുഴ ഗവണ്‍മെന്റ് ദന്തല്‍ കോളേജിന്റെ അധീനതിയിലുള്ള ബസ്, പ്രിന്‍സിപ്പാള്‍ ഉപയോഗിക്കുന്ന കാര്‍ എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ബസിന് 35 ലക്ഷം രൂപയിലധികം വിലമതിക്കും. മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിച്ച് രോഗികള്‍ക്ക് ഫലപ്രദമായ പരിശോധന ലഭ്യമാക്കുന്നതിന് ഉപയോഗിക്കുന്ന ബസ് 6 മാസം മുമ്പാണ് വണ്ടാനത്തെ ദന്തല്‍ കോളേജിന് സര്‍ക്കാര്‍ കൈമാറിയത്. എന്നാല്‍ നാളിതുവരെ ബസ് ഉപയോഗിച്ചിട്ടില്ല.
കോളേജ് കോമ്പൗണ്ടിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ മുന്‍ഭാഗം കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്ത നിലയിലാണ്. കോളേജ് പ്രിന്‍സിപ്പാള്‍ ഉപയോഗിക്കുന്ന ഇന്‍ഡിക്ക കാറും ദിവസങ്ങള്‍ക്ക് മുമ്പ് കേടുവരുത്തിയ നിലയില്‍ കണ്ടെത്തി. കോളേജ് അങ്കണത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ശീതളപാനീയ കടയിലും ആഴ്ചകള്‍ക്ക് മുമ്പ് മോഷണം നടന്നിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കോളേജധികൃതര്‍ നാളിതുവരെ പരാതി നല്‍കിയിട്ടില്ല. രണ്ട് സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇവര്‍ ജോലിക്കെത്താറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam