ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീണ് ഡോക്ടര്‍മാരും

By സുധീഷ് പുങ്ങംചാല്‍First Published Apr 7, 2018, 4:25 PM IST
Highlights
  • ഫെബ്രുവരിയിലാണ് ഷൈന്‍ ഡോട്ട് കോമില്‍ ഡെന്റിസ്റ്റ് ജോലി വാഗ്ദാനം നല്‍കുന്ന പരസ്യങ്ങള്‍ വന്നത്.

വെള്ളരിക്കുണ്ട് (കാസര്‍കോട്) :  ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജോലി വാഗ്ദാനം പ്രതീക്ഷിച്ച് രജിസ്റ്റര്‍ ചെയ്തവരുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഷൈന്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയവര്‍ക്കാണ് പണം നഷ്ടമായത്. 

ഫെബ്രുവരിയിലാണ് ഷൈന്‍ ഡോട്ട് കോമില്‍ ഡെന്റിസ്റ്റ് ജോലി വാഗ്ദാനം നല്‍കുന്ന പരസ്യങ്ങള്‍ വന്നത്. ഇതേ സമയത്ത് പഠനം കഴിഞ്ഞിറങ്ങിയ നിരവധി വിദ്യാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലാണ് ആദ്യ പരാതി രജിസ്റ്റര്‍ ചെയ്തത്. 

പരാതിക്കാരി ഫെബ്രുവരി മാസത്തില്‍ സൈറ്റില്‍ ജോലിക്കായി അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സൈറ്റില്‍ നിന്നാണെന്ന് പറഞ്ഞ് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ച് കൊണ്ട് ഒരാള്‍ വിളിച്ചു. രജിസ്ട്രഷനായി 2,500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടയാള്‍ ജോലിയുടെ കൂടുതല്‍ കാര്യങ്ങള്‍ക്കായി രണ്ടു മണിക്കൂറിന് ശേഷം ഒരാള്‍ വിളിക്കുമെന്ന് അറിയിച്ചു. വിളിച്ചയാളുടെ വാക്ചാതുരിയില്‍ തട്ടിപ്പ് മനസിലാകാതെ പരാതിക്കാരി പണം അടക്കുകയായിരുന്നു. 

തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം അപ്പോളോ വൈറ്റ് ഫീല്‍ഡ് ആശുപത്രി എച്ച് ആര്‍ ആണെന്ന് പറഞ്ഞ് ഒരു സ്ത്രി വിളിച്ചു. ഇവര്‍ സെക്യൂരിറ്റിയായി 8,600 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടു. 30,000 രൂപ ഓഫറുള്ള ജോലിക്ക് 8600 രൂപ സെക്യൂരിറ്റി അധികമാകില്ലെന്ന് കരുതി പരാതിക്കാരി പണം അടച്ചു. എന്നാല്‍ അടച്ച പണത്തിന് രസീത് നല്‍കാന്‍ സൈറ്റ് അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല വീണ്ടും ഒരു 14,000 രൂപ കൂടി അടയ്ക്കണമെന്ന ആവശ്യമായിരുന്നു അവര്‍ വച്ചത്. 

ഇതില്‍ സംശയംതോന്നിയ പരാതിക്കാരി അടച്ച പണത്തിന് രസീത് ആവശ്യപ്പെട്ടു. എന്നാല്‍ രസീത് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പരാതിക്കാരി വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇന്റര്‍നെറ്റു വഴിയുള്ള ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുണ്ടാണെന്നാണ് പോലീസ് ഭാഷ്യം. 
 

click me!