കത്രിക ഉപയോഗിച്ച് ശരീരം കുത്തിക്കീറി, നിലത്തിട്ട് ചവിട്ടി, ബാലവേല ഇരയ്ക്ക് പറയാനുള്ളത്

By Web deskFirst Published Jan 14, 2018, 9:24 AM IST
Highlights

ദില്ലി: ബാലവേല നിരോധിച്ച രാജ്യമാണ് ഇന്ത്യ. എന്നാല്‍ വീട്ട് ജോലിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത് 40കാരിയായ ഡെന്റിസ്റ്റാണ്. ദില്ലിയിലെ കല്യാണ്‍ വിഹാറിലെ ഡെന്റിസ്റ്റിന്റെ വീട്ടില്‍ കഴിഞ്ഞ നാല് മാസമായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരായയത്. 

15നും 17 നും ഇടയില്‍ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി ഒരു ഏജന്‍സി വഴി സെപ്തംബറിലാണ് ഇവരുടെ വീട്ടിലെത്തുന്നത്. വീട്ടിലെ ബാല്‍കണിയിലേക്ക് ഓടി വന്ന് തന്നെ രക്ഷിക്കണേ എന്ന് കരയുന്ന പെണ്‍കുട്ടിയെ കണ്ട് അടുത്ത വീട്ടിലെ ജോലിക്കാരിലൊരാളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്നാണ് അതിക്രൂരമായ പീഡനത്തിന്റെ വിവരം പുറം ലോകമറിയുന്നത്. 

പെണ്‍കുട്ടിയുടെ ശരീരമാസകലം കത്രികകൊണ്ട് കുത്തിക്കീറിയ ഡോക്ടര്‍ പെണ്‍കുട്ടിയുടെ മുഖത്ത് തുപ്പുകയും അടിക്കുകയും ചെരുപ്പിട്ട് ചവിട്ടുകയും ചെയ്യാറുണ്ട്. മുഖത്ത് കടിച്ചതായുള്ള പാടുകളുമുണ്ട്. ഇതിന്റെ അടയാളങ്ങള്‍ ചുവന്ന് പെണ്‍കുട്ടിയുടെ മുഖത്തും ശരീരത്തിലും കാണാമായിരുന്നുവെന്ന് ദില്ലി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാല്‍ പറഞ്ഞു. 

വെള്ളിയാഴ്ച ഡോക്ടര്‍ പെണ്‍കുട്ടിയെ നിലത്തിട്ട് ചവിട്ടുകയും തല ആവര്‍ത്തിച്ച്  ക്ലിനിക്കിലെ തൂക്കം നോക്കുന്ന മെഷീനിലിട്ട് ഇടിക്കുകയും ചെയ്ത് ക്രൂരമായി ഉപദ്രവിച്ചിരിന്നു. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് പെണ്‍കുട്ടി ബാല്‍ക്കെണിയിലേക്ക് ഓടി വന്നതും കരഞ്ഞതും.  പെണ്‍കുട്ടിയ്ക്ക് പോഷകാഹാര കുറവും വിളര്‍ച്ചയും ബാധിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ബാലവേലാനിരോധന നിയമ പ്രകാരവും കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരവുമാണ് കേസെടുത്തതെന്ന് ദില്ലി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ അസ്ലം ഖാന്‍ പറഞ്ഞു.
 

click me!