
ദുബായ്: ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും "നാടുകടത്തല്‍' തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും തലപൊക്കുന്നു. പണം നഷ്ടമായ ഏതാനും പേര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. തട്ടിപ്പുകാര്‍ ഇന്ത്യക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും വിവരമുണ്ട്.
ഇമിഗ്രേഷന്‍ ഉദ്ദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഫോണ്‍ കോളുകള്‍ വരുന്നത്. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പണം ചോദിക്കുന്നതാണ് പ്രധാന തട്ടിപ്പ് രീതി. കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരിക്ക് 1800 ദിര്‍ഹം ഇങ്ങനെ നഷ്ടമാവുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട ഫോണ്‍ കോളാണ് യുവതിയുമായി തട്ടിപ്പ് സംഘം നടത്തിയത്. മൂന്നോ നാലോ പേര്‍ തന്നോട് സംസാരിച്ചതായി ഇവര്‍ പറയുന്നു. തന്റെ ഫയലില്‍ ചില പേപ്പറുകള്‍ കാണുന്നില്ലെന്നും ഉടന്‍ തന്നെ നാടുകടത്താന്‍ ഉത്തരവ് ലഭിച്ചിരിക്കുകയാണെന്നും അറിയിച്ചു. അല്‍പ്പം പോലും സംശയം തോന്നാത്ത വിധത്തിലായിരുന്നു സംസാരം. വൈകുന്നേരം 3.40നാണ് കോള്‍ വന്നത്. വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്റ്സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ടോള്‍ ഫ്രീ നമ്പറായ 800511ല്‍ നിന്ന് തന്നെയാണ് കോളും വന്നത്. എന്നാല്‍ തട്ടിപ്പുകാര്‍ കൃത്രിമം കാണിച്ച് ഇങ്ങനെ ഫോണ്‍ വിളിക്കുന്നതാണെന്ന് ഉദ്ദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇമിഗ്രേഷന്‍ നിയമം ആര്‍ട്ടിക്കിള്‍ 18 പ്രകാരം ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ട ആളാണെന്നും നിങ്ങളെ ഉടന്‍ ഇവിടെ നിന്ന് കയറ്റി അയക്കുമെന്നും പറഞ്ഞു. ദില്ലിയിലെത്തുമ്പോള്‍ ഇതേ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് കൂടി പറഞ്ഞതോടെ പരിഭ്രാന്തരായ ഇവര്‍ എന്താണ് ഇനി പരിഹാരമെന്ന് അന്വേഷിച്ചു. ഇന്ത്യയില്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തി ആവശ്യമായ രേഖകള്‍ ശരിയാക്കുക മാത്രമാണ് പോംവഴിയെന്ന് പറഞ്ഞ ശേഷം ഇതിനായി 1800 ദിര്‍ഹം ഉടന്‍ തന്നെ ട്രാന്‍സ്ഫര്‍ ചെയ്യാനും അറിയിച്ചു.
തുടര്‍ന്ന് വെസ്റ്റേണ്‍ യൂണിയനിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്തു. അഞ്ച് മിനിറ്റിനുള്ളില്‍ ഇത് പിന്‍വലിക്കപ്പെടുകയും ചെയ്തു. സമാനമായ തട്ടിപ്പിന്റെ അനുഭവങ്ങള്‍ പലരും പങ്കുവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് ദിര്‍ഹം നഷ്ടമായവരും കൂട്ടത്തിലുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം പരാതികള്‍ നേരത്തെയും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഒരിക്കലും ഇത്തരത്തില്‍ വ്യക്തികളെ നേരിട്ട് വിളിച്ച് രേഖകള്‍ ആവശ്യപ്പെടില്ല. എന്തെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നുണ്ടെങ്കില്‍ തന്നെ അത് നാട്ടിലെ സ്ഥിരവിലാസത്തിലേക്ക് നോട്ടീസ് നല്‍കിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam