'അയ്യപ്പ ഭക്തരുടെ നിലപാടാണ് ദേവസ്വം ബോര്‍ഡിന്‍റേത്, ബോര്‍ഡ് മാറ്റങ്ങള്‍ കാണണം'

Web Desk |  
Published : Jul 20, 2018, 09:29 AM ISTUpdated : Oct 02, 2018, 04:19 AM IST
'അയ്യപ്പ ഭക്തരുടെ നിലപാടാണ് ദേവസ്വം ബോര്‍ഡിന്‍റേത്, ബോര്‍ഡ് മാറ്റങ്ങള്‍ കാണണം'

Synopsis

'അയ്യപ്പ ഭക്തന്മാരുടെ നിലപാടാണ് ദേവസ്വം ബോര്‍ഡിന്‍റെത്, ബോര്‍ഡ് മാറ്റങ്ങള്‍ കാണണം'

തിരുവനന്തപുരം:  ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് അയ്യപ്പ ഭക്തരുടെ നിലപാടായി കണ്ടാല്‍ മതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി നിലപാടറിയിച്ച ദേവസ്വം ബോര്‍ഡിന്‍റെ  തീരുമാനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ദേവസ്വം ബോർഡ്‌ നിലപാട് മാറ്റിയോ എന്നു അറിയില്ല. സർക്കാർ നിലപാടിൽ മാറ്റമില്ല. രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ കാണാൻ ദേവസ്വം  ബോർഡിന് ചുമതല ഉണ്ട്. 

അതിനനുസരിച്ച് ചിന്തിച്ചു പ്രവർത്തിക്കും എന്നു കരുതുന്നു. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയവര്‍ തന്നെയാണ് ഭരണം നടത്തുന്നത്. എന്നാല്‍ ബോര്‍ഡിന് തന്ത്രിയുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട് നിലപാടെടുക്കേണ്ടി വരും. ഇതൊക്കെയാണെങ്കിലും മാറ്റങ്ങളെല്ലാം ദേവസ്വം ബോര്‍ഡ് അറിയണം. നിരവധി അനാചാരങ്ങള്‍ ഇല്ലാതായ നാടാണ് കേരളമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

നേരത്തേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയില്‍ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിരുന്നു. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം.  സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്.

ഈ നിലപാട് വരും ദിവസം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം.  കേസിൽ അടുത്ത വാദം ചൊവ്വാഴ്ച നടക്കും.  നേരത്തേ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് നിലപാടെടുത്ത ബോര്‍ഡ് ഇനി നിലപാട് മാറ്റിയാല്‍ സുപ്രീംകോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക രൂക്ഷ വിമര്‍ശനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കിൽ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചപ്പോള്‍ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയ്തത്.  

ശബരിമലയിൽ പത്തിനും അൻപതിയും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനം കൊണ്ടല്ലെന്നും വിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്നും ദേവസ്വം ബോർഡ് കോടതിയിൽ വിശദീകരിച്ചിരുന്നു. സ്ത്രീകൾക്ക് 41 ദിവസം വ്രതം നോൽക്കുന്നത് അസാധ്യമാണെന്നും​ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. 

എന്നാൽ സ്ത്രീകൾക്ക് അസാധ്യമായ കാര്യങ്ങൾ വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയായ നടപടിയാണോ എന്നായിരുന്നു ഈ വാദത്തോടുള്ള സുപ്രീംകോടതിയുടെ ചോദ്യം. 50 വയസുവരെയാണ് ആർത്തവ കാലം എന്നത് എങ്ങനെ പ്രായോഗികമാകുമെന്ന് കോടതി ആരാഞ്ഞു. ഒരു സ്ത്രീക്ക് 45 വയസിൽ ആർത്തവകാലം കഴിഞ്ഞാൽ നിയന്ത്രണം തെറ്റാവില്ലേയെന്ന് ചോദിച്ച കോടതി  കേരളത്തിൽ സ്ത്രീകൾ മാത്രം പ്രവേശിക്കുന്ന ക്ഷേത്രങ്ങളിൽ ഇനി പുരുഷൻമാരേയും കയറ്റാമോ എന്നും ആരാഞ്ഞു. 

അതേസമയം  ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിനെ എതിർത്ത് പന്തളം രാജകുടുംബം രംഗത്തെത്തി. സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സർക്കാർ നിലപാടിൽ ദുഖമുണ്ടെന്ന് രാജകുടുംബാംഗങ്ങൾ പറഞ്ഞു. 

ഈ വിഷയത്തിൽ സർക്കാരിന്റേതോ രാഷ്ട്രീയ പാർട്ടികളുടേയോ അഭിപ്രായമല്ല ദേവസ്വം ബോർഡിന്റേയും തന്ത്രിയുടേയും പന്തളം കൊട്ടാരത്തിന്റേയും നിലപാടാണ് പരി​ഗണിക്കേണ്ടതെന്നും ഇവർക്കെല്ലാം ഈ വിഷയത്തിൽ  ഒരേ നിലപാടാണുള്ളതെന്നും പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാർ വർമ്മ പറഞ്ഞു.

ആചാരം കണക്കിലെടുത്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ തങ്ങൾ എതിർക്കുന്നത്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണ്. അതിനാൽ തന്നെ ശബരിമലയിലെ ആചാരങ്ങളും ആ വിശ്വാസത്തെ പിൻപറ്റിയുള്ളതാണ്.  അല്ലാതെ പ്രായം, ആർത്തവം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചല്ല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്നും രാജകുടുംബം വിശദീകരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?