'ശബരിമല'യിൽ സർക്കാരിന്‍റെ കള്ളക്കളി; ദേവസ്വംബോർഡ് പ്രസിഡന്‍റ് രാജി വച്ച് ഇറങ്ങിപ്പോകണം: ചെന്നിത്തല

By Web TeamFirst Published Feb 7, 2019, 4:42 PM IST
Highlights

ദേവസ്വംബോർഡ് അറിയാത്ത തീരുമാനം എങ്ങനെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു? ഇതിൽ സർക്കാരിന്‍റെ കള്ളക്കളി വ്യക്തം - ചെന്നിത്തല.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ ദേവസ്വംബോർഡ് നിലപാടിൽ മലക്കം മറിഞ്ഞതിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്‍റോ അംഗങ്ങളോ അറിയാതെ എങ്ങനെയാണ് അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തതെന്നും ചെന്നിത്തല ചോദിച്ചു. 

ബോർഡിന്‍റെ കരണം മറിച്ചിൽ വിശ്വാസികളെ വേദനിപ്പിച്ചു. ആരാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് അറിയേണ്ടതുണ്ട്. ഇതിൽ സർക്കാരിന്‍റെ കള്ളക്കളിയും വ്യക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

ദേവസ്വംബോർഡ് എടുക്കാത്ത ഒരു തീരുമാനം അഭിഭാഷകൻ കോടതിയിൽ പറഞ്ഞെങ്കിൽ ബോർഡ് പ്രസിഡന്‍റ് രാജി വച്ച് ഇറങ്ങിപ്പോകണം. സർക്കാരും ദേവസ്വം ബോർഡും വുശ്വാസികളെ മാനിച്ചില്ല. സർക്കാരിന്‍റെ അറിവോടെയാണോ ദേവസ്വംബോർഡ് അഭിഭാഷകൻ നിലപാട് കോടതിയിൽ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ‍ 

ശബരിമല യുവതീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാണ്. സുപ്രീംകോടതിയില്‍ ബുധനാഴ്ചച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനോട് വിശദീകരണം നല്‍കാന്‍ പ്രസിഡന്‍റ് എന്‍.പത്മകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തന്നോടാരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും ബോർഡ് നിലപാടിൽ മലക്കം മറിഞ്ഞിട്ടില്ലെന്നുമാണ് കമ്മീഷണറുടെ മറുപടി. 

click me!