ശബരിമലയിലെ നിയന്ത്രണങ്ങൾ: ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഇന്ന് ഡിജിപിയെ കാണും

By Web TeamFirst Published Nov 16, 2018, 11:22 PM IST
Highlights

ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നൽകിയ നോട്ടീസിൽ ദേവസ്വംബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

തിരുവനന്തപുരം: ദേവസ്വം പ്രസിഡന്‍റ്  ഇന്ന് ഡിജിപി ലോക്‍നാഥ് ബെഹ്റയെ കാണും. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ബോര്‍ഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാറും ഡിജിപി ലോക്നാഥ് ബെഹ്റയും കൂടിക്കാഴ്ച നടത്തുന്നത്. ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നൽകിയ നോട്ടീസിൽ ദേവസ്വംബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

നോട്ടീസിലെ നിർദേശങ്ങൾ പമ്പയിൽ ചേർന്ന ദേവസ്വംബോർഡ് യോഗം ചർച്ച ചെയ്തിരുന്നു. പൊലീസ് നിർദേശിച്ച ചില നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്നായിരുന്നു ദേവസ്വംബോർഡിന്‍റെ നിലപാട്. എന്നാല്‍ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം പൊലീസ് നോട്ടീസ് നൽകിയതെന്നും നിർദേശങ്ങൾ പരിഗണിക്കാമെന്നും ദേവസ്വംബോർഡ് വ്യക്തമാക്കിയിരുന്നു.

രാത്രിയിലെ നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങൾ ബുദ്ധിമുട്ടാണ്.  ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നിൽക്കരുതെന്ന നിർദേശം ചില ഭക്തരെയെങ്കിലും ബുദ്ധിമുട്ടിച്ചേക്കാമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. അതുപോലെ രാത്രി പത്ത് മണിയ്ക്ക് ശേഷം അപ്പം - അരവണ കൗണ്ടർ തുറക്കരുതെന്നാണ് പൊലീസ് ദേവസ്വം ബോർഡിന് നിർദേശം നൽകിയിരിക്കുന്നത്. അന്നദാനകേന്ദ്രങ്ങൾ രാത്രി 11 മണിയ്ക്ക് അടക്കണം. ഹോട്ടലുകൾ അടക്കമുള്ള കച്ചവടസ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്ന് പ്രവർത്തിക്കരുത്. മുറികൾ വാടകയ്ക്ക് കൊടുക്കരുതെന്നും ദേവസ്വംബോർഡ് അധികൃതർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.  

click me!