മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടി; വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

By Web TeamFirst Published Dec 26, 2018, 11:37 AM IST
Highlights

മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന് വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. 

കോഴിക്കോട്: മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന് വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് . കഴിഞ്ഞ വര്‍ഷം എത്തിയത് 68 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രമാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാര്‍ കണക്ക് പെരുപ്പിച്ച് കാട്ടിയെന്നും എ പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം കുറഞ്ഞുവെന്നും അദ്ദേഹം പറ‍ഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതിയിലേറെ പേരുടെ കുറവുണ്ടായെന്ന് എ.പത്മകുമാര്‍ പറഞ്ഞു. യുവതീ പ്രവേശന വിവാദം ശബരിമലയിലേക്കുള്ള ഭക്തരുടെ വരവിനെ ബാധിച്ചു. 

ശബരിമലയില്‍ ഈ വര്‍ഷം ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ എത്തി. ഈ വര്‍ഷം ഇതുവരെയുളള വരുമാനം 105 കോടിയെന്നും ബോര്‍ഡ് പ്രസിഡന്‍റ് പറ‍ഞ്ഞു. കഴിഞ്ഞ വര്‍ഷം 164 കോടി ആയിരുന്നു വരുമാനം.

വലിയ വെല്ലുവിളി നേരിട്ടാണ് മണ്ഡകാലത്തെ 40 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. മണ്ഡകാലത്തും മകരവിളക്ക് സമയത്തും യുവതീ പ്രവേശനം വേണ്ടെയന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പദ്മകുമാര്‍ വ്യക്തമാക്കി. 

അരവണ മേശമായിരുന്നു എന്നതൊക്കെ വ്യാജ പ്രചരണമാണെന്നും അദ്ദേഹം പറ‍ഞ്ഞു. ആഗസ്റ്റ് മാസത്തിലാണ് ഈ വ്യാജ പ്രചരണം ഉണ്ടായത്. എന്നാല്‍ പ്രളയം കണക്കിലെടുത്ത് ആ മാസം അരവണ ഉത്പാദനം നടന്നിട്ടില്ല എന്നും പത്മകുമാര്‍ പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തില്‍ തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!