
പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തിയ വിഷയത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശാന്തവും സമാധാനവുമായി ശബരിമല ദര്‍ശനം നടന്നു വരികയായിരുന്നു.
അതിനെ തകര്‍ക്കാനും കൂടാതെ നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടോയെന്നുള്ള സംശയവുമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലപൂജ അടുത്ത് വരുന്ന സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നത് നല്ല കാര്യമല്ല. സംഘര്‍ഷമുണ്ടാക്കുന്നതിനായി ആക്ടിവിസ്റ്റുകളെ തയാറാക്കി വിടുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിക്കണം.
ശബരിമലയിലെ കാര്യങ്ങളിലെല്ലാം ഇപ്പോള്‍ ഇടപെടുന്നതും ഇക്കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കേണ്ടവരുമായ മറ്റ് ചില കേന്ദ്രങ്ങളുണ്ട്. ആ കേന്ദ്രങ്ങള്‍ കെെയ്യൊഴിഞ്ഞ് സംസാരിക്കുന്നത് ശരിയല്ല. കുഴപ്പം വരുന്ന കേസുകളെല്ലാം ദേവസ്വം ബോര്‍ഡ് കെെകാര്യം ചെയ്യണമെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കാമെന്നും പറയുന്നതിനോട് യോജിപ്പില്ലെന്നും ഹെെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ പേരെടുത്ത് പറയാതെ പദ്മകുമാര്‍ വിമര്‍ശിച്ചു.
ഇതിപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്നമാണ്. അത് സമാധാനമായി പരിഹരിക്കണമെന്നാണ് അഭിപ്രായം. ഈ വന്ന രണ്ട് യുവതികള്‍ ആക്ടിവിസ്റ്റുകളാണോയെന്ന് അന്വേഷിക്കണം. ഭക്തകളാണെന്ന് വന്നതെന്നുള്ള കാര്യം അവരുടെ ശരീരഭാഷയില്‍ നിന്ന് തോന്നിയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam