വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ ജീപ്പുകള്‍ വിട്ട് നല്‍കിയെന്ന് സമ്മതിച്ച് ഡിഎഫ്ഒ

By Web TeamFirst Published Oct 9, 2018, 7:03 AM IST
Highlights

സർക്കാർ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്പോൾ നേരത്തെ പണം അടയ്ക്കണമെന്ന ചട്ടം എന്തുകൊണ്ട് പാലിച്ചില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയില്ല. ഔദ്യോഗിക വാഹനങ്ങള്‍ ഇത്തരം അവസരങ്ങളില്‍ ഉപയോഗിക്കുന്നത് സാധാരണ നടപടിയാണെന്നാണ് ഡിഎഫ്ഓയുടെ വിശദീകരണം.

തൃശൂര്‍: പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മകളുടെ വിവാഹത്തിന് വനം വകുപ്പ് ജീപ്പുകൾ വിട്ടുനൽകിയെന്ന് തുറന്ന് സമ്മതിച്ച് തൃശ്ശൂർ ഡിഎഫ്ഓ സുയോഗ് പാട്ടീൽ. കൊല്ലത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ ആവശ്യത്തെത്തുടർന്നാണ് വാഹനങ്ങൾ വിട്ട് നൽകിയത്. ഇക്കാര്യത്തിൽ തെറ്റ് സംഭവിച്ചുവെന്ന് കരുതുന്നില്ലെന്നും സുയോഗ് പാട്ടീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം 29 ന് തൃശ്ശൂർ എരുമപ്പെട്ടിക്ക് സമീപമുള്ള പന്നിത്തടത്ത് നടന്ന പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിന്റെ മകളുടെ വിവാഹത്തിനാണ് വനം വകുപ്പിൻറെ വാഹനങ്ങൾ ദുരുപയോഗം ചെയ്തത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ മുതൽ പന്നിത്തടം വരെയുളള 40 കിലോമീറ്റര്‍ വാഹനങ്ങൾ ട്രിപ്പടിച്ചത് തന്‍റെ നിർദേശപ്രകാരമായിരുന്നുവെന്നാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ വിശദീകരണം.

എന്നാൽ സർക്കാർ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്പോൾ നേരത്തെ പണം അടയ്ക്കണമെന്ന ചട്ടം എന്തുകൊണ്ട് പാലിച്ചില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയില്ല. ഔദ്യോഗിക വാഹനങ്ങള്‍ ഇത്തരം അവസരങ്ങളില്‍ ഉപയോഗിക്കുന്നത് സാധാരണ നടപടിയാണെന്നാണ് ഡിഎഫ്ഓയുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തെയെത്തുടർന്ന് വനം മന്ത്രിയുടെ നിർ‍ദേശപ്രകാരം നടന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ചട്ടലംഘനം വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ട് വിജിലൻസ് പിസിസിഎഫ് അനിരുദ്ധ് കുമാർ ധരണിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
 

click me!