
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പല ജില്ലകളിലും തങ്ങള്‍ക്ക് എതിരെ അതിക്രമങ്ങളും സ്വൈരജീവിതത്തിന് തടസ്സം ഉണ്ടാക്കുന്ന ഇടപെടലുകളും പലഭാഗത്തുനിന്നും ഉണ്ടാകുന്നുവെന്നും എന്നാല്‍ അവയ്‌ക്കെതിരെ പോലീസ് നിയമപരമായ നടപടി സ്വീകരിക്കുന്നില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്.
ചില സ്ഥലങ്ങളിലെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും അതിക്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന വിമര്‍ശനവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ഒരു പ്രത്യേക ലിംഗവിഭാഗമായി പ്രഖ്യാപിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം.
എന്നാല്‍ ഇതിനു വിരുദ്ധമായി അവര്‍ക്കെതിരെ അതിക്രമങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നത് ആരോഗ്യപരമായ പ്രവണതയല്ല. അതിനാല്‍ അതിക്രമങ്ങള്‍ തടയുന്നതിനും അവരോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam