സന്ദീപാനന്ദഗിരിയുടെ ആശ്രമ ആക്രമണം; അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ഡിജിപി

By Web TeamFirst Published Nov 1, 2018, 9:59 AM IST
Highlights

വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഇന്ധനം എവിടെ നിന്ന് ശേഖരിച്ചുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.  പമ്പുകളിൽ നിന്ന് കന്നാസുകളിൽ പെട്രോൾ ശേഖരിച്ചവർക്കായി അന്വേഷണം തുടരുകയാണ്. 
 

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. ആശ്രമത്തിന് പരിസരത്തെ വിവിധ കെട്ടിടങ്ങളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഇന്ധനം എവിടെ നിന്ന് ശേഖരിച്ചുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.  പമ്പുകളിൽ നിന്ന് കന്നാസുകളിൽ പെട്രോൾ ശേഖരിച്ചവർക്കായി അന്വേഷണം തുടരുകയാണ്. 

പരിസര പ്രദേശത്ത് നിന്ന് പെട്രോള്‍ വ്യാപകമായി വാങ്ങിച്ചത് സംബന്ധിച്ച വിവരം പൊലീസ് അന്വേഷിച്ചുവരുകയാണ്. അതേസമയം, സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഒരുക്കി. ഒരു ഗൺമാനെ അനുവദിച്ചു. ആശ്രമത്തിലും പൊലീസ് കാവല്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ നേരത്തെ ഭീഷണി ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചിരുന്നു. 

click me!