
തിരുവനന്തപുരം: വിദേശവനിത കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് ഡിജിപി. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അന്വേഷണത്തിനാധാരമെന്ന് ഡിജിപി പറഞ്ഞു. സംഭവം ദുഖകരമാണെന്നും ഒരു സ്ത്രീക്കും ഇത് സംഭവിക്കാൻ പാടില്ലെന്നും ഡിജിപി പറഞ്ഞു. വിദേശവനിതയുടെ കൊലപാതകം ആത്മഹത്യയാക്കാനുള്ള പ്രതികളുടെ ശ്രമമാണ് പ്രത്യക സംഘത്തിന്റെ അന്വേഷണത്തില്‍ തകര്‍ന്നത്. വിദേശവനിതയ്ക്ക് മയക്കുമരുന്ന് നൽകിയ ശേഷം കൊലപാതകം നടത്തിയ ഉമേഷിനെയും ഉദയനെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് ഐ ജി മനോജ് എബ്രഹാം പറഞ്ഞു.
വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയവിദേശ വനിതയെ തലസ്ഥാന നഗരത്തില്‍ നിന്നാണ് കാണാതായത്. പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ ഇവിടെ നിന്ന് മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. ലാത്വിയന്‍ പൗരത്വമുള്ള വിദേശ വനിതയും കുടുംബവും അഞ്ച് വര്‍ഷമായി അയര്‍ലന്റിലാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. അമൃതാനന്ദമയി ഭക്തരായ ഇരുവരും ആലപ്പുഴയില്‍ ഒരു ദിവസം ചിലവഴിച്ച ശേഷം കൊല്ലം വള്ളിക്കാവിലുള്ള അമൃതപുരി ആശ്രമത്തിലെത്തി. യൂറോപ്പില്‍ വെച്ച് അമൃതാനന്ദമയിയെ സന്ദര്‍ശിച്ചിട്ടുള്ള വിദേശ വനിത കുറച്ചുദിവസം ആശ്രമത്തില്‍ തങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രാത്രിയില്‍ ആശ്രമത്തിലെ ബഹളം ഉറക്കം നഷ്‌ടപ്പെടുത്താന്‍ തുടങ്ങിയതോടെ അവിടെ നിന്ന് വര്‍ക്കലയിലേക്ക് പോയി. കുറച്ചുദിവസം അവിടെ താമസിച്ച ശേഷം ഫെബ്രുവരി 21ന് പോത്തന്‍കോടുള്ള ഒരു സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിച്ചു.
ചികിത്സയില്‍ അസുഖം ഭേദപ്പെട്ടുവരുന്നതിനിടെയാണ് മാര്‍ച്ച് 14ന് വിദേശ വനിതയെ കാണാതാകുന്നത്. ശാരീരിക അവശതകള്‍ കാരണം രാവിലത്തെ യോഗ പരിശീലനത്തില്‍ പങ്കെടുക്കാതെ വിദേശ വനിത മുറിയില്‍ തന്നെ കഴിയുകയായിരുന്നു. യോഗ കഴിഞ്ഞ് രാവിലെ 7.45ഓടെ സഹോദരി മുറിയിലെത്തിയപ്പോള്‍ ഇവരെ കാണാനില്ലായിരുന്നു. ആദ്യം ആശുപത്രിയുടെ പരിസരത്തും പിന്നീട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടം പോയ ഡ്രൈവറെ കണ്ടെത്തി. രാവിലെ 8.30ഓടെ ഓട്ടോയില്‍ കയറിയ യുവതി തനിക്ക് ഏതെങ്കിലും ബീച്ചില്‍ പോകണമെന്ന് പറഞ്ഞുവെന്നും ഇതനുസരിച്ച് കോവളത്ത് കൊണ്ടുവിട്ടുവെന്നും ഡ്രൈവര്‍ അറിയിച്ചു. 750 രൂപയാണ് ഓട്ടോക്കൂലി എന്ന് അറിയിച്ചപ്പോള്‍ 800 രൂപ നല്‍കി അവിടെ ഇറങ്ങിപ്പോവുകയായിരുന്നു. മുറിയിലുണ്ടായിരുന്ന പേഴ്‌സ് പരിശോധിച്ചപ്പോള്‍ 2000 രൂപ മാത്രമാണ് ഇവര്‍ കൊണ്ടുപോയിട്ടുള്ളൂ എന്നും മനസിലായി. ബാഗും പാസ്‍പോര്‍ട്ടും മറ്റ് സാധനങ്ങളും മുറിയില്‍ തന്നെയുണ്ടായിരുന്നു.
തുടര്‍ന്ന് കോവളം ബീച്ചില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒരാള്‍ മാത്രമാണ് ഇവിടെ ഇവരെയെ കണ്ടതായി പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ കോവളത്തും പരിസരത്തും ചിത്രം സഹിതം പോസ്റ്ററുകള്‍ പതിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് അന്വേഷണം സജീവമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുള്ള അന്വേഷണത്തില്‍ ഇവരുടെ മൃതദേഹം കണ്ടെത്തി . തുടര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്.
ഗ്രോബീച്ചിൽ കണ്ടെത്തിയ വിദേശ വനിതയെ തന്ത്രപൂർവ്വം ഉമേഷും ഉദയനും ചേർന്ന് ഫൈബർ ബോട്ടിൽ വാഴമുട്ടത്തെ പൊന്തകാട്ടിലെത്തിച്ചു. മയക്കുമരുന്നു നൽകി ശേഷം ലൈംഗികമായി പീഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. വിദേശ വനിത ബഹളം വെക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നാണ് പ്രതികള്‍ പറയുന്നത്.
പ്രദേശവാസിയായ ഉമേഷ് കോവളത്തെ ഒരു സ്ഥാപനത്തിൽ കെയ്ർ ടേക്കറാണ്. സ്ഥിമായ സ്ത്രീകളെയും കുട്ടികളെയും പൊന്തക്കാട്ടിലെത്തിച്ച് ലൈഗികമായി ഉപദ്രവിക്കാറുണ്ടെന്നും ഇയാള്‍ മൊഴി നൽകി പീഡനത്തിനിരയായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഉമേഷിനെതികെ പോക്സോ പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്യും. ഉമേഷിൻറെ ബന്ധുവും സുഹൃത്തുമായ ഉയദൻ ടൂറിസ്റ്റ് ഗൈയ്ഡാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാവുന്ന ഉദയനാണ് വിദേശ വനിതയെ തന്ത്രപൂർവ്വം ഇവിടേക്ക് കൊണ്ടുവന്നതും ഓവർ കോട്ട് നൽകിയതും. സ്ഥലത്തുനിന്നും ശേഖരിച്ച തലമുടി പ്രതികളുടെതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥീരീകരിച്ചു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam