
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നും പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി അദ്ദേഹത്തിനെതിരായ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതായി ഡിജിപി ടി.പി.സെന്‍കുമാര്‍. ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ വിശദീകരണത്തിലാണ് സെന്‍കുമാറിന്റെ ആരോപണം. പൊലീസിന്റെ അച്ചടക്കങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന ഉദ്യോഗസ്ഥനെ താക്കീത് ചെയ്യുകമാത്രമാണ് ചെയ്തെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ ഡിജിപി പറയുന്നു.
ടി സെക്‌ഷനിലെ രഹസ്യരേഖകൾ കൈക്കലാക്കാനുള്ള സെൻകുമാറിന്റെ നീക്കം പിന്നീടു മറ്റ് ഉദ്യോഗസ്ഥർക്കും സർക്കാരിനുമെതിരെ വ്യവഹാരങ്ങളിൽ അതു തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായി ടോമിൻ തച്ചങ്കരി സർക്കാരിനു നൽകിയ രഹസ്യ റിപ്പോർട്ടിൽ തച്ചങ്കരി ആരോപിച്ചിരുന്നു. സെൻകുമാറിന്റെ പ്രവർത്തനങ്ങൾ സർക്കാർസുരക്ഷയ്ക്കും സർക്കാർനയത്തിനും വിരുദ്ധമാണെന്നും തച്ചങ്കരി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
പൊലീസ് മേധാവി 12ന് ഇറക്കിയ കുറിപ്പിൽ നിന്ന് അദ്ദേഹത്തിന്റെ പ്രവർത്തനം വകുപ്പിന്റെ താൽപര്യങ്ങൾക്കും ഔദ്യോഗിക രഹസ്യനിയമത്തിനും വിരുദ്ധമായിരിക്കുമെന്നു വ്യക്തമാണ്. 2015 മുതൽ പൊലീസ് മേധാവി ആയിരുന്നപ്പോൾ ഒരു സെക്‌ഷനിലും പരിശോധന നടത്തിയിട്ടില്ല. വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ടി സെക്‌ഷനിലെ മാത്രം ഫയലുകൾ അദ്ദേഹത്തിന്റെ ഓഫിസിലേക്കു മാറ്റാൻ ആവശ്യപ്പെടുന്നതു ദുഷ്ടലാക്കോടെയാണെന്നും തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സെന്‍കുമാര്‍ തച്ചങ്കരിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam