
അബുദാബി: രാജ്യത്തെ വാഹനാപകടങ്ങളില്‍ 13 ശതമാനത്തോളവും സംഭവിക്കുന്നത് വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുകൊണ്ടാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഗുരുതരമായ പരിക്കുകള്‍ക്കും ചിലപ്പോഴൊക്കെ മരണങ്ങള്‍ക്കും കാരണമാകുന്ന അപകടങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ കാരണമായി ഉണ്ടാകുന്നുവെന്ന് അബുദാബി പൊലീസ് എക്സ്റ്റേണല്‍ റോഡ്സ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റന്റ് കേണല്‍ ഡോ. അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു.
പെട്ടെന്നുണ്ടാകുന്ന കാരണങ്ങള്‍ കൊണ്ട് ഒരു വാഹനത്തിന് ബ്രേക്ക് ചെയ്യേണ്ടിവന്നാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ സുരക്ഷിതമായ അകലത്തില്‍ നിര്‍ത്താന്‍ കഴിയുന്ന തരത്തിലേ വാഹനങ്ങള്‍ ഓടിക്കാവൂ. ഇത് പാലിക്കാത്ത ഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ടാല്‍ 400 ദിര്‍ഹം പിഴയടക്കേണ്ടിവരും. ഒപ്പം നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. മുന്നില്‍ പോകുന്ന വാഹനങ്ങളുടെ തൊട്ടുപിന്നില്‍ കൂടി ഓടിക്കുന്നതും മുന്നിലുള്ള വാഹനം ലേന്‍ മാറ്റന്നതിനായി ഹെഡ്‍ലൈറ്റുകള്‍ മിന്നിച്ചുകാണിക്കുന്നതും കുറ്റകരമാണ്. ഇത്തരം പ്രവൃത്തികള്‍ അപകടത്തിന് കാരണമാകും. ഡ്രൈവിങില്‍ വലിയ പ്രാവീണ്യമില്ലാത്തവര്‍ ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രാന്തരാവുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. വാഹനങ്ങളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അബുദാബി ട്രാഫിക് വിഭാഗം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam