
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ പോലീസ് തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയതിനു ശേഷമാണ് തെളിവെടുപ്പ് തുടങ്ങിയത്. ദിലീപും മുഖ്യപ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയ തൊടുപുഴയിലെ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. കനത്ത സുരക്ഷാ സന്നാഹത്തിലാണ് തെളിവെടുപ്പ് നടന്നത്.
തൊടുപുഴ വഴുതല ശാന്തിഗിരി കോളേജില്‍ ആയിരുന്നു ഷൂട്ടിങ്ങ് നടന്നത്. ഇപ്പോള്‍ തെളിവെടുപ്പിനായി തൊടുപുഴയില്‍ എത്തിയിരിക്കുകയാണ്. സുരക്ഷ വലയം ഒരുക്കിയതിനു ശേഷം മാത്രമേ ദിലീപിനെ പുറത്തിറക്കൂ. 2013 ല്‍ തുടങ്ങിയ ഗൂഢാലോചനയുടെ അവസാന വട്ട കൂടിക്കാഴ്ചയാണ് ഇവിടെവെച്ച് ഇരുവരും നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ജനക്കൂട്ടം കൂവി വിളിയുമായി എത്തിയതോടെ ദിലീപിനെ തെളിവെടുപ്പിനായി പോലീസ് വാഹനത്തിന് പുറത്ത് ഇറക്കാന്‍ പോലീസിന് സാധിച്ചില്ല.
ദിലീപുമായി തെളിവെടുപ്പിന് കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശി. മൂവാറ്റുപുഴയില്‍ ദിലീപിനുനേരെ കൂകിവിളിച്ചും നാട്ടുകാര്‍ ജനപ്രിയ നടനോടുള്ള പ്രതിഷേധം അറിയിച്ചു. ഇവിടുത്തെ തെളിവെടുപ്പിന് പിന്നാലെ സുനിയും ദിലീപും കണ്ടുമുട്ടിയ കൊച്ചിയിലെ സ്ഥലങ്ങളിലേക്കാണ് പിന്നീട് തെളിവെടുപ്പ് നടത്തിയത്.
2016 നവംബര്‍ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ 'സിഫ്റ്റ് ജങ്ഷനിലായിരുന്നു കൊച്ചിയിലെ ആദ്യത്തെ തെളിവെടുപ്പ് നടത്തിയത്. പിന്നീടാണ് ദിലീപിനെ അബാദ് പ്ലാസ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 110-മത്തെ മുറിയിലാണ് ദിലീപിനെ എത്തിച്ചത്. നടനുമായി മുറിയിലേക്ക് കയറിപ്പോയ പോലീസ് ഏതാനും മിനിറ്റുകൾ മാത്രമാണ് ഇവിടെ ചെലവഴിച്ചത്.
കേസിന്റെ ഗൂഡാലോചന ആദ്യമായിനടന്നത് അബാദ് പ്ലാസ ഹോട്ടലിലെ 110 ാം മുറിയിലാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 2013 ൽ ആണ് ദിലീപും പൾസർ സുനിയും ഈ ഹോട്ടൽമുറിയിൽ ഗൂഡാലോചന നടത്തിയത്. അമ്മയുടെ സ്റ്റേജ് ഷോയുടെ പരിശീലനത്തിനിടെയായിരുന്നു ഗൂഡാലോചനയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഹോട്ടലിൽ നടനെയെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ദിലീപ് എത്തുന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് ഇവിടെ തടിച്ചുകൂടിയത്. നടൻ എത്തിയതും ജനം കൂകിവിളിച്ചാണ് എതിരേറ്റത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപിനെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇന്ന് രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam