
ശ്രീനഗര്‍: ജമ്മു കശ്‍മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സേന നടത്തിയ വെടിവയ്പില്‍ രണ്ടു സൈനികര്‍ മരിച്ചു. സൈന്യം നല്‍കിയ തീരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്‍മീരിലെ കുപ്‌വാരയിലെ കെരാന്‍ മേഖലയിലാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്. പാക് സേനയുടെ വെടിവയ്പിലാണ് രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിച്ചത്. ഭീകരര്‍ക്കെതിരെ സൈന്യം ശക്തമായ നീക്കം തുടങ്ങിയതിന് ശേഷമാണ് പാകിസ്ഥാന്റെ ഈ പ്രകോപനം.
ബഡ്ഗാമില്‍ ഭീകരരുടെ ഒളിത്താവളം ഇന്നലെ രാത്രി സൈന്യം വളഞ്ഞു. സംഘത്തിലുണ്ടായിരുന്ന മൂന്ന് ഭീകരരെയും വധിച്ചെന്ന് സേന അറിയിച്ചു. ഇതിനിടെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് എതിരെയുള്ള. ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും ഹന്‍സ്രാജ് അഹിറും സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഹ്രസ്വകാല നേട്ടത്തിന് ജമ്മു കശ്‍മീരില്‍ പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയമാണ് കശ്‍മീരിലെ ഇന്നത്തെ സ്ഥിതിക്ക് കാരണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലുടനീളം വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഇത് പരാജയപ്പെടുത്തിയ ജനങ്ങളോട് നന്ദിയുണ്ടെന്നും ജമ്മു കശ്‍മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നിലുള്ള ലഷ്ക്കര്‍ എ തയിബ കമാന്‍ഡര്‍ അബു ഇസ്മയിലിനു വേണ്ടിയുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam