
കൊച്ചി: താരസംഘടനായ അമ്മ നടൻ ദിലീപിനെ തിരിച്ചെടുത്തു. അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്നാണ് വിശദീകരണം. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അമ്മ ഭാരവാഹികൾ വിശദീകരിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയായ ദിലീപിനെ കഴിഞ്ഞ ഒരു വർഷമായി സംഘടനയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു.
ഇന്ന് കൊച്ചിയിൽ ചേർന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ മുതിർന്ന നടി ഊർമ്മിള ഉണ്ണിയാണ് ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത്. ഉടൻ തന്നെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ചർച്ചയിൽ ഇടപെട്ടു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ത്തന്നെ പുറത്താക്കല്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ നിലപാട്. സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായ പുറത്താക്കൽ നടപടിക്കെതിരെ ദിലീപ് നിയമനടപടി സ്വീകരിക്കാതിരുന്നത് ഭാഗ്യമായെന്നും കേസ് കൊടുത്തിരുന്നെങ്കിൽ 'അമ്മ' പെട്ടുപോകുമായിരുന്നു നടൻ സിദ്ദിഖ് ഇടപെട്ട് പറഞ്ഞു.
ഇന്നത്തെ യോഗത്തിന്‍റെ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായതിനാല്‍ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നുമുള്ള തീരുമാനത്തെ കൈയടികളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. തുടർന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തതിന് ശേഷം വാർഷിക പൊതുയോഗ വേദിയിൽ തന്നെ ചേർന്ന എക്സിക്യുട്ടിവ് യോഗം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, മലയാളസിനിമയിലെ സ്ത്രീക്കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് ഉള്‍പ്പടെ പ്രമുഖ യുവതാരങ്ങള്‍ ഇന്നത്തെ വാർഷിക പൊതുയോഗം ബഹിഷ്കരിച്ചു. ടൊവീനോ തോമസ്, നിവിന്‍ പോളി അടക്കമുള്ള യുവനിരയിലെ മിക്കവരും യോഗത്തില്‍ ഉണ്ടായിരുന്നില്ല. യുവനിരയിലെ പകുതിയോളം പേര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇവർക്ക് ദിലീപിനെ ഉടന്‍ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ട എന്ന നിലപാടാണെന്ന് അറിയുന്നു. പുതിയ ഭരണസമിതിയെ ചര്‍ച്ചകളൊന്നും കൂടാതെ തെരഞ്ഞെടുത്തത് ദിലീപിന് വേണ്ടിയാണെന്നും ഇത് സംഘടനയിലെ ജനാധിപത്യമില്ലായ്മയാണ് കാണിക്കുന്നതെന്നും അഭിപ്രായമുള്ളവര്‍ യുവതാരങ്ങള്‍ക്കിടയില്‍ ഉണ്ട്. അമ്മ ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന അഭിപ്രായമാണ് യുവതാരങ്ങളില്‍ ഒരു വിഭാഗത്തിന്. കാര്യമായ ചര്‍ച്ചകളൊന്നും കൂടാതെയാണ് പുതിയ ഭരണസമിതി നിലവില്‍ വന്നതെന്നും ഈ സമിതി തുടരുന്നപക്ഷം തുടര്‍ന്ന് നടക്കുന്ന യോഗങ്ങളും അമ്മ ഷോയും യുവതാരങ്ങൾ ബഹിഷ്കരിക്കുമെന്നും സൂചനയുണ്ട്.
എന്നാല്‍ ഇന്ന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന അഭിപ്രായക്കാരാണ്. നടി അക്രമിക്കപ്പെട്ട കേസ് കത്തി നിന്ന സമയത്ത് മാധ്യമസമ്മര്‍ദ്ദം പരിഗണിച്ച് ദിലീപിനെ പുറത്താക്കിയത് തെറ്റെന്നും ഒരു വിഭാഗം കരുതുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam