വിവാദ സെല്‍ഫിയുടെ സത്യം ഇതാണ്.!

By Web DeskFirst Published Jul 12, 2017, 3:52 PM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനൊപ്പം രണ്ടു പൊലീസുകാർ എടുത്ത ‘സെൽഫി’സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ കൊണ്ടാടിയ ഈ ചിത്രം ദിലീപ് ചിത്രമായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ ലൊക്കേഷനിൽവച്ചു പകർത്തിയതാണെന്ന് വ്യക്തമാക്കി ചിത്രത്തിലുള്ള പൊലീസുകാരനാണ് ഇത് വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ അരുൺ സൈമണാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം വെളിപ്പെടുത്തിയത്.

അരുണ്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:

കൂട്ടുകാരെ, ഞാൻ അരുൺ സൈമൺ, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിപിഒ ആണ്. "കസ്റ്റഡിയിലെ സെൽഫി " എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോർജേട്ടൻസ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോൾ എടുത്തതാണ്.

ദിലീപിന് ഇരുവശത്തുമായി രണ്ടു പൊലീസുകാർ നിൽക്കുന്ന സെൽഫിയാണ് സമൂഹമാധ്യമങ്ങളുടെ ‘ഇടപെടലിലൂടെ’ വിവാദമായത്. അറസ്റ്റു ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിൽ റിമാൻഡു ചെയ്യാനായി കൊണ്ടുപോകുമ്പോൾ ധരിച്ചിരുന്ന ഷർട്ട് (അല്ലെങ്കിൽ അതിനു സമാനമായ ഷർട്ട്) തന്നെയാണ് പൊലീസുകാർക്കൊപ്പമുള്ള സെൽഫിയിലും ദിലീപ് ധരിച്ചിരിക്കുന്നത്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് കരുതുന്നു.

അതേസമയം, കേരളമാകെ ചർച്ച ചെയ്യുന്ന കുറ്റകൃത്യത്തിൽ പ്രതിയായ ദിലീപിനൊപ്പം പൊലീസുകാർ സെൽഫിയെടുത്ത സംഭവത്തെ, ജയിലിൽ ദിലീപിന് ലഭിക്കുന്ന വിഐപി പരിഗണനയുടെ സൂചനയായി വ്യാഖ്യാനിച്ചാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവം കൈവിട്ടുപോയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സെൽഫി ചിത്രത്തിലുള്ള പൊലീസുകാരിൽ ഒരാൾ നേരിട്ട് രംഗത്തെത്തിയത്.
 

click me!