ഉരുൾപൊട്ടൽ; ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

By Web TeamFirst Published Aug 9, 2018, 7:22 PM IST
Highlights

ദിവസം മുഴുവന്‍ നീണ്ടു നിന്ന കനത്ത പേമാരായില്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകനാശനഷ്ടവുമുണ്ടായി. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. കൂടുതല്‍ ജീവനുകള്‍ പൊലിയാതിരിക്കാന്‍ ഇരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി ദുരന്തനിവാരണ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

തിരുവനന്തപുരം:  സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്.  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളിപ്പൊക്കത്തിലുമായി 22 പേര്‍ മരണപ്പെട്ടതായാണ് കണക്ക്.  ദിവസം മുഴുവന്‍ നീണ്ടു നിന്ന കനത്ത പേമാരായില്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകനാശനഷ്ടവുമുണ്ടായി. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. കൂടുതല്‍ ജീവനുകള്‍ പൊലിയാതിരിക്കാന്‍ ഇരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി ദുരന്തനിവാരണ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഉരുൾ പൊട്ടലിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക

2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

3. എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക. 

4. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.

5. ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. 

6. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക. 

7. കിംവദന്തികൾ (rumours) പരത്താതിരിക്കുക.

ഉരുൾ പൊട്ടൽ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മരങ്ങളുടെ ചുവടെ അഭയം തേടരുത്. 

2. പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.

3. വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക. 

4. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.

5. ഉരുൾ പൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.

6. ഉരുൾ പൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.
 

ഉരുൾ പൊട്ടലിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക. 

2. ഉരുൾ പൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്. 

3. ഉരുൾ പൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈധ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക. 

4. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.

5. കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക. 

6. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലെ ദുരന്ത നിവാരണ കൺട്രോൾ റൂമുമായി ബന്ധപ്പെടുക - 1077 

click me!