
കൊച്ചി: ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ കോൺഗ്രസിന്റെ കൊച്ചി വാർഡ് കൗൺസിലറും പ്രതിക്കൂട്ടിൽ. എറണാകുളം സൗത്ത് കൗൺസിലർ കെവിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പൊതുദർശനം തടഞ്ഞതെന്നാണ് പരാതി. കൗൺസിലർക്കെതിര സാംസ്കാരിക പ്രവർത്തകർ മേയർക്ക് പരാതി നൽകി.
ആർട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാൽ അമ്പലം അശുദ്ധമാകുമെന്ന് ആരോപിച്ച് ക്ഷേത്രം ഭാരവാഹികൾ പൊതുദർശനം തടഞ്ഞത് ബുധനാഴ്ച ആണ്. പൊതുദർശനം നടത്താൻ ഉദ്ദേശിച്ച ഭൂമി എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ അധികാര പരിധിയിൽ ഉള്ളതാണെന്നായിരുന്നു മറ്റൊരു വാദം.
ഭാരവാഹികൾക്ക് നേതൃത്വം നൽകിയത് എറണാകുളം സൗത്ത് 62 ആം വാർഡിലെ കോൺഗ്രസ് കൗൺസിലർ കൃഷ്ണകുമാറാണെന്നാണ് അശാന്തന്റെ സഹപ്രവർത്തകരുടെ പരാതി. ഇതുവരെ ഇല്ലാത്ത വിവേചനം അശാന്തന്റെ മൃതദേഹത്തോട് കാണിച്ചതിന് പിന്നിൽ ദളിത് വിരോധം മാത്രമാണ്. ഇയാളെ കൗൺസിലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്നാൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കൃഷ്ണകുമാറിന്റെ വിശദീകരണം. പ്രശ്നത്തെ വർഗീയ വത്കരിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നും കൃഷ്ണകുമാർ ആരോപിച്ചു. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനെതിരെ തിങ്കളാഴ്ച സാംസ്കാരിക പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam