
കണ്ണൂര്‍: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ മന്ത്രി കെ.സി ജോസഫിനെതിരെ ത്വരിത പരിശോധ നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് കോടതി ഉത്തരവ്. ഇരിട്ടി പെരിങ്കരി സ്വദേശി എ,കെ ഷാജി നാൽകിയ പരാതിയിലാണ് തലശ്ശേരി വിജിലൻസ് കോടതിയുടെ നടപടി. കോഴിക്കോട് വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല.
2011ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കെ.സി ജോസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കും ഭാര്യക്കും ആകെ വരുമാനമായി കണിച്ചിട്ടുള്ളത്. പതിനാറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം രൂപയാണ്. എന്നാൽ അഞ്ച് വര്‍ഷം കവിഞ്ഞ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആകെ വരുമാനമായി ഒരു കോടി മുപ്പത്തി മൂന്ന് ലക്ഷത്തോളം രൂപയാണ് കാണിച്ചത്.
ആദായ നികുതി വകുപ്പിന് കെ.സി ജോസഫ് നൽകിയ വാർഷിക വരുമാന കണക്ക് പ്രകാരം 97 ലക്ഷത്തി നാൽപത്തി മൂവായിരത്തി തൊള്ളായിരത്തി പത്ത് രൂപ മാത്രമാകണം അഞ്ച് വര്‍ഷത്തെ വരുമാനം. എന്നാൽ മുപ്പത്തി മൂന്ന് ലക്ഷം രൂപയുടെ അധിക വരുമാനം കെ.സി ജോസഫിന് ഉളളതായി കാണുന്നു. ഇതിൽ ബാങ്ക് നീക്കിയിരുപ്പ് കുറച്ചാലും വലിയ തുക അനധികൃത സമ്പാദ്യമായി മുൻ മന്ത്രിയുടെ കൈയ്യിലുണ്ടെന്നാണ് പരാതി. ആദായ നികുതി വകുപ്പിന് കെ.സി ജോസഫ് നൽകിയ സത്യവാങ്മൂലമനുസരിച്ച് ബാങ്ക് ജീവനക്കാരിയായ ഭാര്യയുടെ ശമ്പളവും തന്‍റെ വരുമാനവുമല്ലാതെ മറ്റാ ആദായമൊന്നും ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അനധികൃത വരുമാനം എങ്ങനെ വന്നു എന്ന് അന്വേഷിക്കണമെന്നാണ ആവശ്യം. പരാതി ഫയലിൽ സ്വീകരിച്ച തലശ്ശേരി വിജലൻസ് കോടതി കേസെടുക്കണമോ എന്നറിയാന്‍ ത്വരിത പരിശോധനയക്ക് ഉത്തരവിട്ടു. അടുത്ത മാസം പതിനാറിന് കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അഴിമതിരഹിതനെന്ന പ്രതിഛായയുള്ള കെ.സി ജോസഫ് അനധികൃത സ്വത്ത് സമ്പാദനത്തിൽ വിജിസൻസ് അന്വേഷണം നേരിടുന്നത് ഇതാദ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam