പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടില്ല. നിലപാടിൽ മാറ്റമില്ലെന്നും നാളെ വാർത്താ സമ്മേളനം നടത്തുമെന്നും സുധാകരൻ നേതാക്കളെ അറിയിച്ചതായാണ് സൂചന.
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ. ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. നാളെ ജി സുധാകരൻ വാർത്ത സമ്മേളനം വിളിച്ചതിന് പിന്നാലെയായിരുന്നു അനുനയ നീക്കം. എന്നാല്‍ സിപിഎം നടത്തിയ തിരക്കിട്ട നീക്കം ഫലം കണ്ടില്ലെന്നാണ് വിവരം. നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് സൂചന.
സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം. വാർത്ത സമ്മേളനം ഉപേക്ഷിക്കാൻ സുധാകരനെ സമ്മർദത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. നിലപാട് മയപ്പെടുത്തണമെന്ന് ജില്ലാ നേതൃത്വം ജി സുധാകരനോട് ആവശ്യപ്പെട്ടു. എന്നാല്‍, നിലപാടിൽ മാറ്റമില്ലെന്ന് ജി സുധാകരൻ നേതാക്കളെ അറിയിച്ചു എന്നാണ് സൂചന. സാധാരണ കൂടിക്കാഴ്ച്ച മാത്രമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള നേതാക്കളുടെ വിശദീകരണം. വാർത്താസമ്മേളനം നടത്തുമെങ്കിൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരൻ പാർട്ടിക്കൊപ്പമെന്നും നേതാക്കൾ കൂട്ടിച്ചേര്‍ത്തു.
നാളത്തെ വാർത്ത സമ്മേളനം ഉപേക്ഷിക്കാതെ ജി സുധാകരൻ
അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. നിലപാടിൽ മാറ്റമില്ലെന്ന് നേതാക്കളെ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വീട്ടിൽ വെച്ചാണ് ജി സുധാകരൻ മാധ്യമങ്ങളെ കാണുക. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിലടക്കം പ്രഖ്യാപനം ഉണ്ടായേക്കും.

