മുറിവേറ്റ ആനയെ എഴുന്നള്ളിച്ച സംഭവം; കളക്ടർ റിപ്പോർട്ട് തേടി

By Web DeskFirst Published Mar 24, 2018, 9:51 PM IST
Highlights
  • സംഭവത്തില്‍ കളക്ടർ റിപ്പോർട്ട് തേടി
  • കളക്ടർ മുഹമ്മദ് വൈ സഫിറിന്‍റെയാണ് നിർദേശം
  • കാലുകളില്‍ വ്രണങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിച്ച് ക്രൂരത
  • എറണാകുളത്ത് ക്ഷേത്രം ഭാരവാഹികളുടെ ക്രൂരത

കൊച്ചി: എറണാകുളം കാക്കനാട് പാട്ടുപുരക്കാവ് ക്ഷേത്രത്തിൽ മുറിവേറ്റ് അവശനിലയിലുള്ള ആനയെ എഴുന്നള്ളിച്ച സംഭവത്തിൽ ജില്ലാ കളക്ടർ വനം വകുപ്പിനോട് റിപ്പോർട്ട് തേടി. തിങ്കൾ ഉച്ചയ്ക്ക് 12 മണിക്കകം ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർ മുഹമ്മദ് വൈ സഫിറുള്ള നൽകിയിരിക്കുന്ന നിർദേശം.

നാട്ടാനകളുടെ പരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അടിയന്തര യോഗവും നാളെ പന്ത്രണ്ട് മണിക്ക് കളക്ടറുടെ ചേംബറിൽ ചേരും. ഗവ.വെറ്ററിനറി സർജൻ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത് വരെ ആനയെ പണിയെടുപ്പിക്കുന്നത് വിലക്കിയതായും കളക്ടർ അറിയിച്ചു. വനം വകുപ്പിന്‍റെ വിലക്ക് മറികടന്നാണ് പരിക്കേറ്റ ആനയെ ക്ഷേത്ര എഴുന്നള്ളിപ്പിനിറക്കിയത്. കാലിൽ ഗുരുതരമായി പരിക്കേറ്റ ആനയെ എഴുന്നള്ളിക്കരുതെന്ന് സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥൻ നേരിട്ടെത്തി നൽകിയ നിർദേശമാണ് ക്ഷേത്രം ഭാരവാഹികൾ അവഗണിച്ചത്.

എഴുന്നള്ളിപ്പിനായി തൃശൂരിൽ നിന്ന് വന്ന് മഹാദേവൻ എന്ന ആനയുടെ പിൻ കാലുകളിൽ ആഴമേറിയ വ്രണങ്ങളാണുള്ളത്. മുറിവ് കാരണം കാലുകൾ നിലത്തുറപ്പിക്കാൻ ആകാത്ത സ്ഥിതിയിലായിരുന്നു. ആനയെ പരിശോധിച്ച സോഷ്യൽ ഫോറസ്റ്റ്ട്രി , സെൻട്രൽ വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ ,എസ് പി സി ഐ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ് മഹാദേവനെ എഴുന്നള്ളിപ്പിനിറക്കിയത്.

എന്നാൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ആനയാണിതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാൻ കടമ്പകളില്ലാത്തത് ഭാരവാഹികൾ മുതലെടുത്തുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. മദപ്പാടും പരിക്കുകളും ഉള്ള ആനകളെ എഴുന്നള്ളിപ്പിനിറക്കരുതെന്ന നാട്ടാന പരിപാലന നിയമം ലംഘിച്ചാണ് ക്ഷേത്രത്തിന്റെ ക്രൂരത. കഴിഞ്ഞ 3 മാസത്തിനിടെ മാത്രം ഇത്തരം സാഹചര്യത്തിൽ 12 ആനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്.


 

click me!