
പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ ജില്ലാ കളക്ടറുടെ വിലക്ക് മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ ചട്ടലംഘനം നടത്തിയതിന് സ്കൂളിലെ പ്രധാനാധ്യപകനെതിരെ നടപടിക്ക് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു.
ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരമാണ് കര്‍ണകിയമ്മന്‍ സ്കൂളില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് നിരോധിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. എയിഡഡ് സ്കൂളില്‍ സ്കൂള്‍ അധികൃതരോ, ജനപ്രതിനിധികളോ അല്ലാത്ത സംഘടനാ നേതാക്കള്‍ ദേശീയപതാക ഉയര്‍ത്തരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ ഇത് മറികടന്ന് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു .
എന്നാല്‍ ചടങ്ങില്‍ ദേശീയ ഗാനത്തിന് പകരം വേദിയില്‍ ആലപിച്ചത് വന്ദേമാതരം. ദേശീയഗാനം ആലപിക്കാതെ ചടങ്ങ് അവസാനിപ്പിച്ചെങ്കിലും പിന്നീട് വേദിവിട്ടവരെ തിരികെ എത്തിച്ച് ദേശീയഗാനം ആലപിച്ചതും വിവാദമായി. സ്കൂള്‍ പ്രധാന അധ്യാപകന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തെന്ന് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ വിലക്കിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം.
ആര്‍.എസ്.എസ് മേധാവി ദേശീയ പതാകയെ അപമാനിക്കുകയാണ് ചെയ്തതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. എന്നാല്‍ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും, വൈകി കിട്ടിയ സര്‍ക്കുലര്‍ അനുസരിച്ച് പരിപാടി മാറ്റുക അസാധ്യമായിരുന്നുമാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ വാദം. നടപടിയുണ്ടായാല്‍ നേരിടുമെന്നും ആണ് ആര്‍എസ്എസും സ്കൂള്‍ അധികൃതരും പറഞ്ഞു. സംഭവം പരിശോധിച്ച് വരികയാണെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam