വര്‍ക്കല ഭൂമിവിവാദം; ഉത്തരവ് സ്റ്റേ ചെയ്യുന്നത് സാധാരണ നടപടിയെന്ന് കളക്ടര്‍

By അലീന പി.സിFirst Published Mar 19, 2018, 2:38 PM IST
Highlights
  • കേസ് സ്റ്റേ ചെയ്യുക എന്നത് സാധാരണ നടപടിയാണ്

വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലാണ് വിവാദ ഭൂമിയുള്ളത്. നിയമം അനുസരിച്ച് നോട്ടീസ് നൽകി നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കൽ എന്ന് സബ്കലക്ടര്‍ പറയുമ്പോള്‍ അങ്ങനെയല്ലെന്നാണ് എതിര്‍പക്ഷം അവകാശപ്പെടുന്നത്. റോഡരികിലെ കണ്ണായ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ ലിജി ഹൈക്കോടതിയെ സമീപിച്ചത്. തഹസിൽദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തിൽ പരാതിക്കാരിയെ കൂടി കേട്ട് തീര്‍പ്പാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാൽ തഹസിൽദാറുടെ നടപടി അപ്പാടെ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനമെന്നാണ് പരാതി.

വര്‍ക്കലയില്‍ തഹസില്‍ദാര്‍ ഏറ്റെടുത്ത ആറ്റ് പുറമ്പോക്ക് സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുത്ത സബ്കളക്ടറുടെ ഉത്തരവ് സര്‍ക്കാര്‍ സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യുന്നത് സാധാരണ നടപടിയാണെന്ന് തിരുവനന്തപുരം സബ്കലക്ടര്‍ പറയുന്നു.  ദിവ്യ എസ് അയ്യര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ അലീന പി.സിയ്ക്ക് നല്‍കിയ അഭിമുഖം 

വര്‍ക്കല ഭൂമി വിവാദത്തില്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പറയാനുള്ളത്

ഉത്തരവ് സ്റ്റേ ചെയ്യുക എന്നത് സാധാരണ നടപടിയാണ്. അതിന്‍റെ വിധി വരട്ടെ. നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് ഞങ്ങള്‍ കക്ഷികളോട് പറഞ്ഞത്. നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു തടസവും ആര്‍ക്കുമില്ല.

ആയിരക്കണക്കിന് ഉത്തരവുകളാണ് മാസം കോടതിയിലൂടെ കടന്ന് പോകുന്നത്. അതില്‍ പല ഉത്തരവുകളും ശരിവെക്കും. റദ്ദ് ചെയ്യേണ്ടത് റദ്ദ് ചെയ്യും, സ്റ്റേ ചെയ്യേണ്ടത് സ്റ്റേ ചെയ്യും. അതൊക്കെ സാധാരണയായി നടക്കുന്ന നിയമ നടപടികളാണ്. അതില്‍ ഒരു കേസ് മാത്രം പുതിയ ദിശയിലേക്ക് തിരിച്ചുവിടാനുള്ള ഒരു ശ്രമം. എന്താണ് അതിന്‍റെ പ്രചോദനമെന്ന് അറിയില്ല. 

എത്രയോ ഓര്‍ഡറുകള്‍ നമ്മുടെ ഓഫീസില്‍ വരുന്നുണ്ട്. അതിന് ലീഗലായിട്ടുള്ള ഒരു ഹൈരാര്‍ക്കിയും സിസ്റ്റവുമുണ്ട്. ആ സിസ്റ്റമനുസരിച്ച് നിയമപരമായ പരിശോധനക്ക് ശേഷം ആ കേസിലെന്ത് നടപടിയാണോ സ്വീകരിക്കേണ്ടത് ആ നടപടി സ്വീകരിക്കും. അതില്‍ ഞാന്‍ എന്ന വ്യക്തിയില്ല. 

സാധരണയായിട്ടുള്ള ഒരു കേസ് പോലെ ഒരു വിധി പുറപ്പെടുവിച്ചു. തഹസീല്‍ദാറുടെ ഉത്തരവില്‍ അപാകത തോന്നിയത് കൊണ്ട് അത് റദ് ചെയ്തു. എൻറെ ഉത്തരവ് പരിശോധിക്കാന്‍ മേലധികാരികള്‍ക്ക് അധികാരമുണ്ട്. മേലധികാരികള്‍ അത് പരിശോധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കും. എല്ലാ കേസിലും അത് തന്നെയാണ് നടക്കുന്നത്. ഈ കേസിന് മാത്രം യാതൊരു പ്രത്യേകതയും ഉള്ളതായിട്ട് തോന്നുന്നില്ല.

നടപടി പ്രകാരം താലൂക്കില്‍ നിന്ന് ഫയല്‍വരുത്തിച്ച് അവരുടെ സ്റ്റേറ്റ്മെന്‍റും എടുത്തതിന് ശേഷം മാത്രമാണ് നമ്മള്‍ ഹിയറിംഗ് നടത്തിയത്. അപ്പീല്‍ കേസ് എങ്ങനെയാണോ കോടതിയില്‍ പരിഗണിക്കേണ്ടത് അതിന്‍റെ എല്ലാ യഥാവിധി പ്രകാരം നിയമപരമായി പാലിച്ചുകൊണ്ടാണ് ചെയ്തിരിക്കുന്നത്.
 

click me!