
പത്തനംതിട്ട: പത്തനംതിട്ടയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് ഡിജെ കലാകാരന്റെ ലാപ്ടോപ്പ് തകർത്ത സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി. കേസിന് പോകാൻ ആഗ്രഹമില്ലെന്നും പൊലീസ് ലാപ്ടോപ് വാങ്ങി തന്നാൽ മതിയെന്നുമാണ് ഡിജെ അഭിരാം സുന്ദറിൻ്റെ നിലപാട്.
പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ ആയിരുന്നു ഡിജെ കലാകാരൻ്റെ ലാപ്ടോപ്പ് ചവിട്ടി തെറിപ്പിച്ചുള്ള പൊലീസിൻ്റെ അതിക്രമം. അർദ്ധരാത്രിക്ക് ശേഷവും തുടർന്ന പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിച്ചെന്നും ലാപ്ടോപ്പ് തകർത്തു എന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നുമായിരുന്നു പൊലീസിൻ്റെ വിശദീകരണം. ഡിജെ അഭിരാം സുന്ദർ ദുരനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നു. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകിയത്.
അതേസമയം കേസിന് പോയി പൊലീസിനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലാപ്ടോപ് വാങ്ങി തന്നാൽ മതിയെന്നും അഭിരാം സുന്ദർ പറഞ്ഞു. തനിക്കെതിരെ പൊലീസ് എടുത്ത കേസും പിൻവലിക്കണം. അതിനിടെ തിരുവനന്തപുരം ശംഖുമുഖത്ത് പുതുവത്സര ആഘോഷത്തിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മയക്കുമരുന്ന് മാഫിയ ബന്ധമുള്ള പൊലീസുകാരനാണ് അതിക്രമം നടത്തിയതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam