
ദോഹ: ബാങ്ക് അകൗണ്ടും പാൻ കാർഡും ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രവാസികൾക്ക് ബാധകമല്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2016 ലെ ആധാർ നിയമ പ്രകാരം വിദേശ മലയാളികൾ ആധാറിന് അർഹരല്ലാത്തതിനാൽ പ്രവാസികളോട് തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യപ്പെടരുതെന്ന നിർദേശമാണ് എംബസി കഴിഞ്ഞ ദിവസം ട്വിറ്റർ സന്ദേശത്തിലൂടെ നൽകിയത്.
വിവിധ സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ പേരിൽ പ്രവാസികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തികൊണ്ട് യുഐഎഡിഐ രണ്ടു ദിവസം മുന്‍പ് പുതിയ സർക്കുലർ ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ ഇതുസംബന്ധിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുന്ന തരത്തിൽ ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശം നൽകിയത്.
വർഷത്തിൽ 182 ദിവസം ഇന്ത്യയിൽ താമസിക്കുന്നവർക്കും താമസ സ്ഥലത്തിന്റെ രേഖ സമർപ്പിക്കുന്നവർക്കുമാണ് ആധാറിന് അർഹതയുള്ളത്. അതുകൊണ്ടു തന്നെ എൻ.ആർ.ഐ വിഭാഗത്തിൽ ഉൾപെടുന്നവർ, ഇന്ത്യൻ വംശജർ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ തുടങ്ങിയവരിൽ ഭൂരിഭാഗം പേരും ആധാറിന് അർഹതയില്ലാത്തവരാണ്.
ഈ സാഹചര്യത്തിൽ ബാങ്കിങ് സേവനങ്ങൾക്കും പാൻ കാർഡിനും മറ്റ് സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യപ്പെട്ട് പ്രവാസികളെ ബുദ്ധിമുട്ടിക്കരുതെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സർക്കുലറിൽ വ്യക്തമായി പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam