അര്‍ബുദത്തിനും സന്ധിവാതത്തിനും ഒരേ മരുന്ന്, ഷിമോഗയിലെ വൈദ്യന്‍റെ വാദങ്ങള്‍ പൊളിയുന്നു

Web Desk |  
Published : Jun 05, 2018, 12:35 PM ISTUpdated : Jun 29, 2018, 04:28 PM IST
അര്‍ബുദത്തിനും സന്ധിവാതത്തിനും ഒരേ മരുന്ന്, ഷിമോഗയിലെ വൈദ്യന്‍റെ വാദങ്ങള്‍ പൊളിയുന്നു

Synopsis

കാന്‍സറിന് നല്‍കുന്ന മരുന്ന് തന്നെയാണ് ഷിമോഗയിലെ നാരായണമൂര്‍ത്തി വൈദ്യന്‍  സന്ധിവാതത്തിനും നല്‍കുന്നത്    

കൊച്ചി: കര്‍ണാടകയിലെ ഷിമോഗയില്‍ അര്‍ബുദം പൂര്‍ണമായും ചികിത്സിച്ചു മാറ്റും എന്നവകാശപ്പെടുന്ന വാട്ട്‌സാപ്പ് വീഡിയോ വ്യാജമെന്നതിനു തെളിവ്. ബിബിസി സംപ്രേക്ഷണം ചെയ്ത ഡോകുമെന്‍ററി എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഈ അവകാശവാദം പൂര്‍ണമായും തെറ്റാണെന്നും വീഡിയോ 2011 ൽ ​ഇംഗ്ലണ്ടിൽ ITV​-​യിൽ പ്രക്ഷേപണം ചെയ്ത ബ്രിട്ടീഷ് നടി കരോലിൻ ക്വൻറിനെ മുഖ്യ കഥാപാത്രമാക്കിയ 'എ പാസേജ് ത്രൂ ഇൻഡ്യ' എന്ന പഴയ ഡോക്യുമെന്‍ററിയാണെന്നും എറണാകുളം മെഡിക്കല്‍ സെന്‍ററിലെ കരള്‍ രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ സിറിയക്ക് എബി ഫിലിപ്സ് പറയുന്നു. 

കാന്‍സറിന് നല്‍കുന്ന മരുന്ന് തന്നെയാണ് ഷിമോഗയിലെ നാരായണമൂര്‍ത്തി എന്ന വൈദ്യന്‍  സന്ധിവാതത്തിനും നല്‍കുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. രണ്ടിന്‍റെയും ചികിത്സ രീതിയും ഒരേപോലെ തന്നെ. അതായത് സന്ധിവാതത്തിനും അര്‍ബുദത്തിനും ഒരേ ചികിത്സ. മാത്രമല്ല വീഡിയോയില്‍ ഒരിടത്തും മരുന്ന് കഴിച്ചു ഇതുവരെ ആര്‍ക്കും അസുഖം ഭേദമായി എന്ന് മൂര്‍ത്തി അവകാശപ്പെടുന്നില്ല. ആളുകള്‍ തന്‍റെ അടുത്ത് വരുന്നത് വിശ്വാസം കൊണ്ടാണെന്നു മാത്രമാണ് വൈദ്യന്‍ പറയുന്നത്. എന്തുകൊണ്ടാണ്  മൂര്‍ത്തിയുടെ ചികിത്സ ശരിയാണെന്ന് പറയാന്‍ സാധിക്കാത്തതെന്നും ഡോക്ടര്‍ സിറിയക് തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. 

നാരായണമൂര്‍ത്തി കാന്‍സര്‍ ചികിത്സയ്ക്ക് നല്‍കുന്ന മരുന്നില്‍ മാരകമായ പല വിഷപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടെന്നതിനു ഡോക്ടര്‍ സിറിയക്ക് കുറച്ചു നാള്‍ മുന്‍പ്  തെളിവ് പുറത്ത് വിട്ടിരുന്നു. നാരായണമൂർത്തി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നത് മൂന്നു ചാക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന മരത്തൊലിയുടെ പൊടി ആണെന്നാണ്‌ ഡോക്ടര്‍ പറയുന്നത്. ഓരോ രോഗികള്‍ക്കും ഇത് ഓരോ അളവില്‍ കൂട്ടിച്ചേര്‍ത്തു നല്‍കും. ഇത് കഴിക്കേണ്ട രീതി വിവരിക്കുന്ന കുറിപ്പും ഡോക്ടര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. 

ഷിമോഗയില്‍ നിന്നും മരുന്ന് കഴിച്ചു രോഗം മൂര്‍ച്ഛിച്ച് മരിക്കുവാന്‍ ഇടയായ ഒരു രോഗിയുടെ മകന്‍റെ കൈയ്യില്‍ നിന്ന് കിട്ടിയ മരുന്നിന്‍റെ സാമ്പിള്‍ കൊച്ചിയിലെ എന്‍വിറോഡിസൈന്‍സ് എക്കോ ലാബില്‍ കൊടുത്തു പരിശോധിപ്പിച്ചതിന്‍റെ റിപ്പോര്‍ട്ട്‌ ആണ് ഡോക്ടര്‍ സിറിയക്ക് പുറത്ത് വിട്ടത്. കരളിനേയും മറ്റു അവയവങ്ങളെയും നശിപ്പിക്കുവാന്‍ കഴിവുള്ള ബോറോൺ, മാംഗനീസ്, ആർസെനിക്, കാഡ്മിയം, വനേഡിയം, മെർക്കുറി, കോബാൾട്ട്, ക്രോമിയം, നിക്കൽ, താലിയം തുടങ്ങിയ ലോഹങ്ങള്‍ കൂടിയ അളവില്‍ ഉള്ള കൂട്ടാണ് കാന്‍സര്‍ ചികിത്സക്കുള്ള മരുന്നെന്നു പറഞ്ഞു നാരായണമൂർത്തി നല്കുന്നതെന്ന് കണ്ടെത്തി. കൂടാതെ പൈറോൺ എന്ന ലോകാരോഗ്യസംഘടന വിലക്കിയ രാസപദാര്‍ഥവും ഈ മരുന്നില്‍ കണ്ടെത്തി.

ആൽപ്രാക്സ്, ടയസ്പാം എന്നീ ഉറക്ക ഗുളികളുടെ ഫലം ചെയ്യുന്ന ഈ പദാര്‍ഥം ഉത്കണ്ഠ കുറയ്ക്കുന്ന ഒരു ഹെർബൽ കെമിക്കൽ അണ്. ഇത് മനസിനെ ശാന്തമാക്കുമെങ്കിലും കരളിനു ദോഷകരമാണ് എന്ന് ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്. ഷിമോഗയിലെ മരുന്നു കഴിച്ചാല്‍ ആദ്യത്തെ ഏതാനം ആഴ്ചകൾ രോഗിക്ക് സുഖം തോന്നുന്നത് ഈ രാസവസ്തു കാരണമാണെന്നാണ് ഡോക്ടര്‍ സിറിയക്ക് കരുതുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി